
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി കേസിലെ രണ്ടാം പ്രതി കോടതിയിൽ. മാപ്പുസാക്ഷിയാക്കണമെന്ന് പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കേസിൽ കൂടുതൽ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു സാക്ഷിയാക്കണമെന്നാണ് അപേക്ഷ.
ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് രണ്ടാം പ്രതിയുടെ ഹര്‍ജിയും പരിഗണനയ്ക്കായി എടുത്തത്. കണ്ടോൻമെന്റ് പൊലീസാണ് സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയാണ്. കോടതി പോലീസ് സമർപ്പിച്ച കുറ്റപത്രം നേരത്തെ അംഗീകരിച്ചിരുന്നു
ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കേണ്ടതായിരുന്നു. എന്നാൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായില്ല. കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.






