
സിവിൽസർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ നടപടിയുമായി യു.പി.എസ്.സി. പൂജയുടെ ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി ഇവര്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
2022ലെ പരീക്ഷാഫലം റദ്ദാക്കാതിരിക്കുള്ള കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് പൂജക്ക് നോട്ടിസ് അയച്ചു. ഭാവിയിൽ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും പോലീസിന് നിർദേശം നൽകി. മഹാരാഷ്ട്ര സർക്കാരിൻ്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
മുംബൈയിലെ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്ക്കർക്ക് എതിരെ സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. അംഗപരിമിതര്‍ക്കുള്ള പ്രത്യേക സംവരണം ലഭിക്കാന്‍ 51 ശതമാനം കാഴ്ച്ച പരിമിതിയുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം. യുപിഎസ്സി നിർദേശപ്രകാരമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
സിവില്‍സര്‍വീസ് പരിക്ഷയില്‍ ആദ്യം ഐആര്‍എസും പിന്നീട് ഐഎഎസും നേടിയ ആളാണ് മഹാരാഷ്ട്ര വഷീം ജില്ലയിലെ അസിസ്റ്റന്റ് കളക്ടര്‍ പൂജ ഖേദ്കര്‍. സിവില്‍ സര്‍വീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് ഇപ്പോഴത്തെ ആരോപണം. കാഴ്ച പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിൽ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു. പുജക്ക് ഒബിസി സംവരണത്തിലൂടെയാണ് ഐഎഎസ് ലഭിക്കുന്നത്. കുടുംബത്തിന് നാൽപ്പത് കോടി രൂപയിൽ അധികം ആസ്തി ഉണ്ടായിട്ടും എങ്ങനെ ഇവർക്ക് ഒബിസി നോൺ - ക്രീമിലെയർ സർട്ടിഫിക്കറ്റ് കിട്ടി എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും പൂജ പ്രതികരിച്ചു.മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രത്യേക അന്വേഷണ സംഘം നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമിത്.






