
കൊച്ചി: പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജില്‍സ് പെരിയപ്പുറത്തെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം)നീക്കം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയതിനു പിന്നില്‍ ജില്‍സ് പെരിയപ്പുറമാണെന്ന് ആരോപിച്ചാണ് അയോഗ്യത കല്പ്പിക്കാന് പാര്‍ട്ടി നീക്കം.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണ പരിപാടിയില്‍ ജില്‍സ് പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം നാലിനു ഫലപ്രഖ്യാപന ദിവസം പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് ലക്ഷം വോട്ടിനു തോല്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പിറവം ടൗണില്‍ പിടിയും പോത്തും വിളമ്പിയതും ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് (എം ) ജില്ലാ സെക്രട്ടറി ടോമി ജോസഫ് ഇലക്ഷന് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇലക്ഷന് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇൗ മാസം 30 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തെ നഗരസഭകളില്‍ സി.പി.ഐ. വനിത ഭരിക്കുന്ന ഏക നഗരസഭയാണ് പിറവം. ജില്‍സ് അയോഗ്യനാക്കപ്പെട്ടാല്‍ നഗരസഭയുടെ ഭരണം എല്‍.ഡി.എഫിനു നഷ്ടമാകും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്ന പേരില്‍ ജില്സിനെതിരേ കടുത്ത നടപടി സ്വീകരിച്ചാല്‍ എല്‍.ഡി.എഫിന് കനത്ത ആഘാതമാകും ഉണ്ടാവുക. ഏറെ തലവേദന സൃഷ്ടിക്കുന്ന വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യമെന്ന് ഇടത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഇന്ന് നിര്‍ണായക എല്‍.ഡി.എഫ്. ചേരുന്നുണ്ട്. എന്നാല്‍, നഗരസഭയില്‍ എല്‍.ഡി.എഫിന് ഒപ്പമായിരുന്നു തന്റെ പ്രവര്‍ത്തനം എന്ന് ജില്‍സ് പെരിയപ്പുറം പ്രതികരിച്ചു.
പാര്‍ലമെന്റ് ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ് (എം ) സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് പരാജയപ്പെടുമെന്ന് ചെയര്മാന് ജോസ് കെ. മാണിയോട് ജില്‍സ് പറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ വന്‍ പരാജയം സംഭവിച്ചു. യു.ഡി.എഫ് . സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പിറവത്ത് ജനകീയ സമതി പിടിയും പോത്തും വിളിമ്പിയതില്‍ പങ്കെടുത്തതാണ് ജില്‍സിന്റെ പേരിലുള്ള കുറ്റമായി പാര്‍ട്ടി ചിത്രീകരിക്കുന്നത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെങ്കില്‍ പിറവം നഗരസഭയുടെ ഭരണം എല്‍.ഡി.എഫ്. തുടരുമായിരുന്നോ എന്നും ജില്‍സ് പെരിയപ്പുറം ചോദിക്കുന്നു. പിറവം നഗരസഭയുടെ ഭാവി ഭരണം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാണ് ഇടത് തീരുമാനം.






