
തിരുവനന്തപുരം: സി.പി.എമ്മിനു തലവേദനയായി ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം. ജനപ്രിയ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ കളിമാറുമെന്നു പാര്‍ട്ടിക്കറിയാം. തിരുത്തല്‍ നടപടികള്‍ എത്രകണ്ടു വിജയിക്കുമെന്നതിന്റെ പരീക്ഷണശാല കൂടിയാണ് സി.പി.എമ്മിനു ചേലക്കര. അതേസമയം യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി രമ്യാ ഹരിദാസ് കളത്തിലെത്തും. പാലക്കാട് പിടിക്കാന്‍ അരയും തലയും മുറുക്കി ബി.ജെ.പിയും രംഗത്തുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയാകും ഇവിടെ മാറ്റുരയ്ക്കുക.
സി.പി.എമ്മിന്റെ ഉറച്ച സീറ്റില്‍ അട്ടിമറിജയം നേടാന്‍ കോണ്‍ഗ്രസിനായാല്‍ ഇടതുപക്ഷത്തെ അത് വലിയ പ്രതിസന്ധിയിലാക്കും. അതൂകൊണ്ട് ചേലക്കരയിലെ വിജയം സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അനിവാര്യതയാണ്. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനൊപ്പമാകും ചേലക്കരയിലും വോട്ടെടുപ്പ് നടക്കുകയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതോടൊപ്പം പാലക്കാട്ടും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ സി.പി.എമ്മിന്റെ ജീവന്മരണ പോരാട്ടം ചേലക്കരയിലാണ്. എ.കെ. ബാലന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ചേലക്കരയിലേക്കു പരിഗണിക്കുന്നുണ്ട്. വയനാട് മത്സരിക്കാനെത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രഭാവം ചേലക്കരയിലും ചലനമുണ്ടാക്കുമെന്ന ആശങ്ക സി.പി.എമ്മില്‍ സജീവമാണ്.
എം.പിയായതോടെ കെ. രാധാകൃഷ്ണന് രാജിവച്ച ഒഴിവിലാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വടകരയില്‍നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ രാജിവച്ചതോടെയാണ് പാലക്കാട് ഒഴിവു വന്നത്. രാഹുല്‍ ഗാന്ധിയുടെ രാജിയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യാക്കിയത്. ഇൗ മണ്ഡലവും പാലക്കാട് നിയമസഭാ മണ്ഡലവും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ഇവിടങ്ങളില്‍ തോറ്റാല്‍ എന്തെങ്കിലും പറഞ്ഞ് സി.പി.എമ്മിനു പിടിച്ചുനില്‍ക്കാം. എന്നാല്‍ ചേലക്കരയില്‍ സ്ഥിതി അതല്ല. സിറ്റിങ് സീറ്റ് കൈവിട്ടാല്‍ സി.പി.എമ്മിന്റെ സംഘടനാപരമായ വീഴ്ചയായി അതു വിലയിരുത്തപ്പെടും. അതുകൊണ്ട് എല്ലാ കരുതലുമെടുത്താകും ചേലക്കരയിലെ പോരാട്ടം.
പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്തൊഴികെ കെ. രാധാകൃഷ്ണനായിരുന്നു എം.എല്‍.എ. 2016-21 കാലത്ത് ഇപ്പോഴത്തെ പട്ടികജാതി-പട്ടികവര്‍ഗ കോര്പറേഷന് ചെയര്മാന് യു.ആര്. പ്രദീപാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അതുകൊണ്ട് ചേലക്കരയില്‍ പ്രദീപിനെ വീണ്ടും മത്സരിപ്പിക്കാനും സാധ്യതയേറെയാണ്. കെ. രാധാകൃഷ്ണന് ലോക്സഭയിലേക്കു ജയിച്ചാല്‍ പ്രദീപായിരിക്കും അടുത്ത സ്ഥാനാര്‍ഥിയെന്ന് അണികള്‍ക്കിടയില്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.
പി.കെ. ബിജു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ രമ്യാ ഹരിദാസ് 23695 വോട്ടിന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണു ചേലക്കരയില്‍ ലീഡ്. അതേസമയം ഭരണവിരുദ്ധ വികാരം മുതലെടുത്ത് ചേലക്കരയില്‍ ജയിക്കാനുള്ള നീക്കമാണു കോണ്‍ഗ്രസ് നടത്തുന്നത്.






