
ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷത്തിനും ഘടകകക്ഷികള്‍ക്കുമിടയില്‍ സമ്മര്‍ദം നേരിടുന്ന മൂന്നാം മോദി സര്‍ക്കാരിന് ആദ്യവെല്ലുവിളിയായി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നുമുതല്‍. സമ്മേളനത്തലേന്ന് വിളിച്ചുചേര്‍ത്ത സര്വകക്ഷിയോഗത്തില്ത്തന്നെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്കോ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബി.ജെ.പിക്കോ പരിചിതമല്ലാത്ത വിധം ഘടകകക്ഷികളില്‍നിന്നു വിവിധ ആവശ്യങ്ങളുടെ രൂപത്തില്‍ സമ്മര്‍ദമുയര്‍ന്നു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാരിന്റെ സമീപനത്തില്‍ സമൂലമാറ്റമായിരുന്നു പ്രതിപക്ഷാവശ്യം.
മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. നാളെയാണു ബജറ്റ് അവതരണം. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്ന് സഭയില്വയ്ക്കും. നീറ്റ് ചോദ്യച്ചോര്‍ച്ച, റെയില്‍വേ സുരക്ഷ എന്നീ വിഷയങ്ങളിലും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണു പ്രതിപക്ഷനീക്കം.
കന്‍വാര്‍ തീര്ത്ഥയാത്രാവഴിയിലെ കടകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനെതിരേ സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇന്നാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തുനിന്നു ബി.ജെ.പി. നേരിടേണ്ടിവരുന്നത് എന്തായിരിക്കുമെന്നതിന്റെ സൂചനയായി അത്. മതപരമായ ഭിന്നത സൃഷ്ടിക്കുന്ന യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു. കന്‍വാര്‍ യാത്രാവിവാദത്തില്‍ ഘടകകക്ഷികളായ ജെ.ഡി.യു, എല്‍.ജെ.പി. (രാംവിലാസ്), ആര്.എല്‍.ഡി. എന്നിവയില്‍നിന്നും എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിനു നിര്‍ണായകമാണ്.
കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭാഗമായ ജനതാദള്‍ (യു) എല്‍.ജെ.പി. (രാംവിലാസ്) എന്നീ കക്ഷികള്‍ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ ബിഹാറിനു പ്രത്യേകപദവി ആവശ്യപ്പെട്ടു. എന്‍.ഡി.എയുടെ ഭാഗമല്ലെങ്കിലും ബി.ജെ.പിയെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള വൈ.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി ആന്ധ്രാപ്രദേശിനുവേണ്ടിയും ബിജു ജനതാദള്‍ (ബി.ജെ.ഡി) ഒഡീഷയ്ക്കുവേണ്ടിയും ഇതേ ആവശ്യമുന്നയിച്ചു.
2014-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഒഡീഷയ്ക്കു പ്രത്യേകപദവി ബി.ജെ.പി. വാഗ്ദാനം ചെയ്തിരുന്നതാണെന്നു ബി.ജെ.ഡി. ഓര്‍മിപ്പിച്ചു. യോഗത്തില്‍ ബിഹാറും ആന്ധ്രയും പ്രത്യേകപദവി ആവശ്യപ്പെട്ടതിനെ പിന്തുണച്ച ബി.ജെ.ഡി. നേതാവ് സസ്മിത് പത്ര, ഒഡീഷയ്ക്കുവേണ്ടി തങ്ങളും അതേ ആവശ്യമുന്നയിച്ചെന്നു വ്യക്തമാക്കി. വൈ.എസ്.ആര്.സി.പി. ആന്ധ്രയ്ക്കു പ്രത്യേകപദവി ആവശ്യപ്പെട്ടപ്പോള്‍, സംസ്ഥാനം ഭരിക്കുന്ന ടി.ഡി.പി. മൗനം പാലിച്ചതു വിചിത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ''എക്സി''ല്‍ കുറിച്ചു.
എസ്.പി. നേതാവ് രാംഗോപാല്‍ യാദവാണു കന്‍വാര്‍ യാത്രാവിവാദം യോഗത്തില്‍ ഉന്നയിച്ചത്. രാജ്യത്തുതന്നെ വര്‍ഗീയവിഭജനം സൃഷ്ടിക്കുന്നതാണു യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവെന്ന യാദവിന്റെ ആരോപണത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്തുണച്ചു. ഇരുസംസ്ഥാനങ്ങളുടെയും നടപടിക്കെതിരേ ഇടപെടാന്‍ കേന്ദ്രത്തിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി ചൂണ്ടിക്കാട്ടി.
ജനവിധി മനസിലാക്കി, പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമാകണമെന്നു സി.പി.എം. നേതാവ് ജോണ്‍ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് അനുവദിക്കണമെന്നായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയുടെ ആവശ്യം.






