
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ പാര്പ്പിടനിര്മ്മാണത്തിനും വന്‍ പ്രഖ്യാപനം. ഭവന പദ്ധതിക്കായി നീക്കി വെച്ചത് 10 ലക്ഷം കോടി രൂപയാണ്. നഗരങ്ങളിലുള്ളവര്ക്കാകും പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യപാനം. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി കൂടിയ പ്രഖ്യാപിച്ചിട്ടുണ്ട്.
അതുപോലെ ഗ്രാമീണമേഖലയിലെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 ല്‍ 25000 ഗ്രാമീണ മേഖകളില്‍ റോഡുകള്‍ നിര്‍മ്മിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന രീതിയിലുള്ള റോഡുകളാകും ഇതില്‍ നിര്‍മ്മിക്കുക.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തീക ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. ഇത് അഞ്ചു ലക്ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതല്‍ വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷുകള്‍ ആരംഭിക്കും. കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും.
എന്‍പിഎസ് വാത്സല്യ എന്ന പ്രായപൂര്‍ത്തി ആകാത്ത മക്കള്‍ക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു.






