
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രി പദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് ഇനി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ഇന്നേ ദിവസം വരെ ശശീന്ദ്രന് തുടര്‍ച്ചയായി 2364 ദിവസമായി (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിയാണ്. പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു .രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.അവുക്കാദർകുട്ടി നഹ, എൻ.കെ.ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവരെയാണ് ശശീന്ദ്രന് മറികടന്നത്.
2018 ഫെബ്രുവരി ഒന്ന് മുതല്‍ തുടര്‍ച്ചയായി മന്ത്രി പദവിയിലാണ് ശശീന്ദ്രന്. 2021 മേയ് 20 ന് ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ ഉണ്ടായി എന്ന് മാത്രം. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ (2016 മേയ് 25) ശശീന്ദ്രന് മന്ത്രിയായിരുന്നു. എന്നാല്‍ ഹണി ട്രാപ്പ് വിവാദത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 27 ന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചു. പിന്നീട് വീണ്ടും മന്ത്രിയായി. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ തന്നെ തിരിച്ചെത്തിയ ഏഴ് പേരില്‍ ഒരാളുമാണ് അദ്ദേഹം.പിണറായി വിജയന്റെ രണ്ട് മന്ത്രിസഭയിലായി 2018 നവംബര്‍ 27 മുതല്‍ ഇന്ന് വരെ തുടര്‍ച്ചയായി 2065 ദിവസം മന്ത്രിയായ കെ കെ കൃഷ്ണന്‍കുട്ടിക്കാണ് ഈ പട്ടികയില്‍ അടുത്ത സ്ഥാനം
കൂടുതല്‍ കാലം മന്ത്രിസ്ഥാനത്തിരുന്നവരില് കെ എം മാണിയാണ് ഒന്നാമത്. മാണി 12 മന്ത്രിസഭകളിലായി 8759 ദിവസം മന്ത്രിയായിരുന്നു. പിജെ ജോസഫ് (6 മന്ത്രിസഭ, 6105 ദിവസം), ബേബി ജോണ്‍ (7 മന്ത്രിസഭ, 6061 ദിവസം), കെ ആര് ഗൗരിയമ്മ (6 മന്ത്രിസഭ; 5824 ദിവസം) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
സംസ്ഥാനത്ത് കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരില് ഒന്നാമത് ഇകെ നായനാരാണ്, മൂന്ന് തവണയായി 4009 ദിവസം. കെ. കരുണാകരന് (4 തവണ, 3246 ദിവസം), പിണറായി വിജയന് (2 തവണ; ഇന്ന്വരെ 2981 ദിവസം), സി അച്യുതമേനോന് (2 തവണ, 2640 ദിവസം) എന്നിവരാണ്.




