
കാഠ്മണ്ഡു: വിമാനത്താവളത്തില്‍ നിന്നുള്ള ടേക്ക് ഓഫിനിടെ 19 പേരുമായി ഉയര്‍ന്ന വിമാനം തകര്‍ന്നുവീണു. നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തിലാണ് സംഭവം. നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് വലിയ തീപിടിത്തവും പുകപടലങ്ങളും ഉയരുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
കാഠ്മണ്ഡുവില്‍ നിന്നും ക്യാബിന് ക്രൂവുകള്‍ ഉള്‍പ്പെടെ 19 പേരുമായി പൊഖാറയിലേക്ക് പോവുകയായിരുന്ന സൗര്യ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സൗത്ത് ഏഷ്യന്‍ ടൈം നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചു.
അഗ്നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തീ അണയ്ക്കാനും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്താനും രംഗത്തുണ്ട്. തീപിടുത്തത്തിന്റെ കാരണവും ആളപായം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.






