
ഉപ്പുതറ: കൂലിപ്പണിയെടുത്ത് ഉപജീവനം കഴിക്കുന്ന കുടുംബത്തിന് ജനറല്‍ വിഭാഗമായതിന്റെ പേരില്‍ ലൈഫ് പദ്ധതിയിലെ വീട് അന്യമാകുന്നു. വാഗമണ്‍ ഉളുപ്പൂണി മഠത്തില്‍ ഷാജനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി. മണ്‍കട്ട കെട്ടിയ ഭിത്തിയും കാട്ടു കഴുക്കോല് പാകി പുല്ലു മേഞ്ഞ മേല്‍ക്കൂരയുമുള്ള വീട്ടിലാണ് ഷാജനും കുടുംബവും താമസിക്കുന്നത്. ഭാര്യ മിനിയും, രണ്ട് ആണ് മക്കളും അടങ്ങുന്നതാണ് കുടുംബം. എട്ടുവര്‍ഷ മുമ്പ് ലൈഫില്‍ വീടിന് അപേക്ഷിച്ചു.
എന്നാല്‍ മിനിയുടെ പേര് റേഷന്‍ കാര്‍ഡില്‍ ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചു. റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ത്ത് വീടിന് വീണ്ടും അപേക്ഷ നല്കി. അപ്പോഴതാ ജനറല്‍ വിഭാഗത്തിന് വീടില്ല. ജനറല്‍ വിഭാഗത്തിന്റെ ഗുണഭോക്തൃ ലിസ്റ്റിലുള്ളവര്‍ക്ക് വീടു നല്കി കഴിഞ്ഞാലേ ഷാജന്റെ വീടിനുള്ള അപേക്ഷ പരിഗണിക്കുകയുള്ളു. കൂലിപ്പണിക്കാരനായ ഷാജന് പുതിയ വീടു പണിയാന്‍ മറ്റു മാര്‍ഗം ഒന്നുമുണ്ടായിരുന്നില്ല.
മലമുകളില്‍ നിന്നും മേച്ചില്‍ പുല്ലുചെത്തിക്കൊണ്ടു വന്ന് പുരക്ക് മുകളില്‍ മേഞ്ഞ് നനയാതെ സംരക്ഷിക്കും. ലൈഫില്‍ വീടു കിട്ടാത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് സിനിമ എന്ന സൗഭാഗ്യം വീടിലേക്ക് പടി കയറി വന്നത്. ആദ്യം ഫഗദ് ഫാസില്‍ നായകനായ കാര്‍ബണ്‍ എന്ന സിനിമക്കാണ് ഷാജന്റെ പുല്ലുമേഞ്ഞ വീട് വേദിയായത്. പിന്നീട് ആസിഫ് അലി നായകനായ ആണും പെണ്ണും എന്ന സിനിമയ്ക്കും ലൊക്കേഷനായി.
വാടകയായി ഭേദപ്പെട്ട പ്രതിഫലവും കിട്ടി. ഇഷ്ട താരങ്ങളെ കാണാനും, ഇടപെടാനും കഴിഞ്ഞു. അങ്ങനെ ഷാജന്റെ പുല്ലു മേഞ്ഞ വീട് നാട്ടില്‍ താരമായി. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഒരു കോടിയോളം രൂപ സമാഹരിച്ച് എട്ടുകിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്ത് മാതൃകയായ ഉളുപ്പൂണിയിലെ നാട്ടുകാര്‍ക്ക് ഷാജന്റെ വീട്ടിലൂടെ മറ്റൊരു അഭിമാനത്തിനും വകയായി. അപ്പോഴും വീടുനല്കുന്നില് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ ചെറിയൊരു നൊമ്പരവും, പരിഭവവും ഷാജന്റെ കുടുംബത്തിനുണ്ട്.






