
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ വിദേശ സഹകരണ ചുമതല ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.വാസുകിക്കു നല്‍കിയതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന മറികടക്കരുതെന്നാണ് നിര്‍ദേശം. അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ കടന്നുകയറരുതെന്നും വിദേശകാര്യം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി.
വാസുകിയുടെ നിയമനത്തില്‍ ശക്തമായ വിമര്‍ശനമാണു കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ച് ഉത്തരവിറക്കിയത്. ഇതു വിവാദമായപ്പോള്‍, വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഡോ. വി.വേണു വിശദീകരിച്ചു. ഇതര രാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തേക്കു വരുന്ന പ്രതിനിധികളുമായി മികച്ച ഏകോപനത്തിനായാണു വകുപ്പ് രൂപീകരിച്ചതെന്നാണ് വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട്.
വിദേശകാര്യം കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലാണെന്ന കാര്യം അറിയാത്തതുകൊണ്ടല്ല സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. അതേമസയം, വാസുകിയുടെ നിയമനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കേരള ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. വിദേശകാര്യങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി. കേരളത്തെ പ്രത്യേക രാജ്യമാക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.






