
ചാത്തന്നൂര്‍: കിടപ്പുരോഗിയായ പിതാവിനെ മര്‍ദിച്ചു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെയാണു പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിറിമാന്‍ഡ് ചെയ്തു.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നത്: സ്ഥിരം മദ്യപനായ ശരത്ത് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുക പതിവായിരുന്നു.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി അക്രമാസക്തനായി. പക്ഷാഘാതം ബാധിച്ച് നാലു വര്‍ഷത്തിലധികമായി കിടപ്പിലായ പിതാവ് ശശിയെ മര്‍ദിക്കുകയും നിലത്തേക്കു വലിച്ചെറിയുകയും ചെയ്തു. വീഴ്ചയില്‍ ശശിയുടെ തല പൊട്ടി. തുടര്‍ന്നു ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെങ്കിലും തിരികെ വീട്ടിലേക്കുതന്നെ കൊണ്ടുപോയി. പിന്നീടു ശശി മരിച്ചു.
കട്ടിലില്‍നിന്നു വീണു മുറിവേറ്റതാണെന്നാണ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മര്‍ദനമേറ്റതായി കണ്ടെത്തിയതോടെ നടത്തിയ അനേ്വഷണത്തിലാണ് ശശിയെ മകന് മര്‍ദിച്ചതായി വ്യക്തമായത്.






