
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു പാക്കിസ്ഥാന്‍കാരനും കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ പുലര്‍ച്ചെ 2:30 യോടെ അതിര്രേഖയ്ക്ക് സമീപം കുംകാടിയില്‍ സൈനിക പോസ്റ്റിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.
കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടുപിന്നാലെയാണ് ആക്രമണം. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് (ബിഎടി) ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ സൈന്യം ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പറയുകയും ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പാക് ബാര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണം പരാജയപ്പെടുത്താന്‍ കഴിഞ്ഞെന്നും പാക്ഭീകരരുമായി ബന്ധമുള്ള സേനയാണിതെന്നും സൈന്യം പറഞ്ഞു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച ആദ്യം ഇതേ പ്രദേശത്തെ എല്‍ഒസി സന്ദര്‍ശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ മാസം ഒരു അവലോകന യോഗം നടന്നിരുന്നു. സായുധ സേനയുടെ ഭീകരവിരുദ്ധ ശേഷിയുടെ മുഴുവന്‍ സ്പെക്ട്രവും വിന്യസിക്കാന്‍ പ്രധാനമന്ത്രി അധികാരികളോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു.






