
തിരുവനന്തപുരം:തലസ്ഥാനത്ത് പട്ടാപ്പകല്‍ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. എയര്‍പിസ്റ്റള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ പടിഞ്ഞാറേക്കോട്ട പങ്കജ് വീട്ടില്‍ ഷിനിക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമറച്ചെത്തിയ സ്ത്രീയാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ പോലീസ് വിശദ അനേ്വഷണം നടത്തും. പടിഞ്ഞാറെക്കോട്ട ചെമ്പകശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷിനിയുടെ വീട്ടില്‍ ഇന്നലെ രാവിലെ ഒമ്പതരയോയൊണ് ആക്രമണം നടന്നത്. കൊറിയര്‍ നല്‍കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് ഷിനിക്ക് നേരേ വെടിയുതിര്‍ത്തത്. മാസ്ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ ഷിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സഞ്ചരിച്ച കാറിന്റെ സി.സി. ടിവി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. കാറിലെ നമ്പര്‍ വ്യാജമാണ്.
അതുകൊണ്ട് തന്നെ ഗൂഢാലോചന സംഭവത്തിലുണ്ടെന്നാണ് പോലീസിന്റെ സംശയം. ഷിനിയെ അനേ്വഷിച്ചാണ് അക്രമി വന്നതെന്ന് അവരുടെ ഭര്‍ത്തൃപിതാവ് ഭാസ്കരന് നായര്‍ പറഞ്ഞു. 'ഷിനി തന്നെ കൊറിയര്‍ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചു. പേന ഇല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ അകത്ത് പോയി പേന എടുത്ത് വരുന്നതിനിടെയാണ് ഷിനിക്കുനേരേ ആക്രമണം ഉണ്ടായത്. ഒരു തവണ കയ്യിലും രണ്ടു തവണ തറയിലും വെടിയുതിര്‍ത്തു. സ്ത്രീ തന്നെയാണു വന്നത്. ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയില്‍ തോന്നിയത്'- ഭാസ്കരന് നായര്‍ പറഞ്ഞു.
എന്‍.എച്ച്.എം. ജീവനക്കാരിയാണു ഷിനി. ഓഫീസിലെ പ്രശ്നങ്ങളാണോ ആക്രമണത്തിനു പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, കവര്ച്ചക്കാരാകും ആക്രമണം നടത്തിയതെന്ന നിഗമനമാണ് വീട്ടുകാര്‍ക്കുള്ളത്. ചെമ്പകശേരി പോസ്റ്റോഫീസിന് മുന്നിലാണ് ഷിനിയുടെ വീട്. അതിരാവിലെ മോഷണ ശ്രമത്തിനായി ആരും ഇവിടെ വരാനുള്ള സാധ്യതയില്ല.
ഷിനിയെ രണ്ടു തവണ വെടിവച്ചുവെന്ന് പോലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഏതാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം. ഷിനിയുടെ കൈയ്ക്ക് ചെറിയ പരുക്കാണ് ഉള്ളത്. ശരീരം മുഴുവന്‍ മറച്ചാണ് അക്രമി എത്തിയതെന്നാണു വീട്ടുകാര്‍ പറയുന്നത്. ആക്രമണം നടത്തിയത് സ്ത്രീയാണെന്നാണ് കരുതുന്നത്. അനേ്വഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.






