
പട്ന: ഇരുപത്തഞ്ചുകാരിയായ തന്യാ സോണിക്ക് കവിത ഇഷ്ടമായിരുന്നു, കോളേജിലെ സാംസ്കാരിക പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തിരുന്നു. യുപിഎസ്സി പ്രവേശന പരീക്ഷയില്‍ വിജയിച്ച് സിവില്‍ സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന അവര്‍ക്ക് മഴക്കാലത്ത് അണ്ടര്‍ഗ്രൗണ്ടിലുള്ള ലൈബ്രറിയില്‍ സന്ദര്‍ശനം നടത്താനുള്ള ആഗ്രഹം സ്വപ്നങ്ങളെയും ജീവിതത്തെയുമെല്ലാം മുക്കി.
ശനിയാഴ്ച ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ റാവുവിന്റെ ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്റെ ബേസ്മെന്റില്‍ മഴവെള്ളം കയറി മരിച്ച മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളില്‍ ഉള്‍പ്പെട്ട 25 കാരിയായ തന്യ ബീഹാറിലെ ഔറംഗബാദ് സ്വദേശിയാണ്. ബീഹാറുകാരിയുടെ മാതാപിതാക്കള്‍ തെലുങ്കാനയിലാണ്. പിതാവ് അവിടെ ജോലി ചെയ്യുകയാണ്. സിവില്‍സര്‍വീസ് മോഹവുമായി കോളേജില്‍ ചേര്‍ന്നത് മുതല്‍ താമസം ഡല്‍ഹിയിലായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു ഐഎഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് മകള്‍ മരിച്ച വിവരം അച്ഛന് വിജയ് കുമാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് പോയി. തന്യയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ബിഹാറിലെ വീട്ടിലേക്ക് കൊണ്ടുപോകും.
ഐഎഎസ് ഓഫീസറാകുന്നത് തന്യയുടെ കുട്ടിക്കാലത്തെ സ്വപ്നമാണെന്ന് സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡില്‍ ജോലി ചെയ്യുന്ന വിജയ് കുമാര്‍ പറഞ്ഞു. കുടുംബത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു താന്യ. തങ്ങള്‍ക്കിടയിലെ ഏറ്റവും മിടുക്കി തന്യയായിരുന്നെന്ന് ബന്ധുക്കളും പറയുന്നു.'' താന്യയ്ക്ക്് കവിത ഇഷ്ടമായിരുന്നു. അവള്‍ക്ക് നൃത്തത്തിലും താല്‍പ്പര്യമുണ്ടായിരുന്നു.'' അവര്‍ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിലെ ലൈബ്രറിയിലെ 20-ഓളം വിദ്യാര്‍ത്ഥികളില്‍ തന്യയുമുണ്ടായിരുന്നു, മഴയില്‍ വെള്ളം കയറി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. മരണപ്പെട്ടുപോയവരില് ഒരാള്‍ താന്യയായിരുന്നു എന്നത് അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.






