
ചൂരല്‍മല: ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കളിക്കൂട്ടുകാരിയെ രക്ഷിക്കാനായിരുന്നു പത്തു വയസുകാരി മെഹന മെഹറിന്റെ പരിശ്രമം. ചൂരല്‍മല സ്കൂള്‍ റോഡിലെ വീട്ടില്‍നിന്ന് മുകളിലെ കുന്നിലേക്കാണ് മെഹനയും കുടുംബവും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
മാതാവ് ജംഷീറയുടെ കൈപിടിച്ചോടുന്നതിനിടെ മെഹന തന്റെ കളിക്കൂട്ടുകാരിയായ തൊട്ടടുത്ത വീട്ടിലെ അഹന്യയെ വിളിക്കാനായി കൈവിട്ട് താഴേക്ക് ഓടിയിറങ്ങി. എന്നാല്‍, അഹന്യയുടെ അരികിലെത്താനായില്ല. ഇരച്ചെത്തിയ വെള്ളത്തില്‍ കുടുങ്ങിയ മെഹനയും കാണാമറയത്തായി. മകള്‍ കൂട്ടുകാരിയെ വിളിക്കാനായി തിരിഞ്ഞപ്പോഴേക്കു തന്നെ വെള്ളം ഇരച്ചെത്തിയിരുന്നു.
മകളെ എങ്ങനെ രക്ഷിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത നിന്നുപോയി. ജംഷീറയെയും മകന് എട്ടു വയസുകാരന് മുഹമ്മദ് ജിസാനെയും മറ്റൊരു വിട്ടില്‍ സുരക്ഷിതരാക്കി, വെള്ളക്കെട്ടിലേക്ക് മകളെ തിരഞ്ഞിറങ്ങിയതായി പിതാവ് വാഴയങ്ങല് ജംഷീര്‍ പറഞ്ഞു.
അപ്പോഴേക്കും രക്ഷാപ്രവര്‍ത്തകര്‍ എത്തി. ഒന്നര മണിക്കൂറിനുശേഷം ഇരു നൂറുമീറ്ററോളം അകലെ മെഹനയെ സ്കൂള്‍ റോഡിലെ വെള്ളക്കെട്ടില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മുഖത്തും നെറ്റിയിലും കണ്ണിലും കൈയിലുമെല്ലാം പരുക്കേറ്റിരുന്നു.
മേപ്പാടി ഡി.എം. വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അപ്പോള്‍ ഇറങ്ങിയോടിയതുകൊണ്ട് ജീവന് ബാക്കിയായി. വീടുണ്ടായിരുന്ന പ്രദേശംപോലും ഇപ്പോഴില്ലെന്ന് ജംഷീര്‍ പറഞ്ഞു. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണു മെഹന.






