
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയ ശേഷം നിഹാദ് ഒളിവിലായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇയാൾ ജില്ല വിട്ടതായി പൊലീസ് സംശയിക്കുന്നു. കേസിൽ മൊഴിയെടുക്കാൻ നോട്ടീസ് നൽകിയ നിഹാദിന്റെ സുഹൃത്തുക്കളും ഇതുവരെ ഹാജരായിട്ടില്ല.
ഇതിനിടെ, നിഹാദിന്റെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ റൂറൽ സൈബർ പൊലീസാണ് പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് അന്വേഷിക്കുന്നതെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയിൽ ലഹരിമരുന്ന് ഉപയോഗം, അശ്ലീല ഉള്ളടക്ക പ്രചരണം, ലൈംഗിക ചൂഷണം, പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇവ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, നിഹാദും മുൻ സുഹൃത്തുക്കളായ മുഹമ്മദ് (മമ്മു), ഷമീർ എന്നിവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നിഹാദ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്തിരുന്നുവെന്നും ഇരുവരും ആരോപിച്ചു. നിഹാദിന്റെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്നതായി പറയുന്ന ഒരു വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു. കൂടാതെ, ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടും മറ്റ് ഗുരുതര ആരോപണങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്.
ഈ ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണെന്നും ഇതുസംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.






