
പൂനെ: ചൂരല്‍മലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അഞ്ചുവര്‍ഷം മുമ്പ് നടത്തിയ പ്രവചനം വീണ്ടും ചര്‍ച്ചയാകുന്നു. 2019 ല്‍ പുത്തുമലയില്‍ ദുരന്തമുണ്ടായ സമയത്ത് മറ്റൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ നല്കിയ മുന്നറിയിപ്പാണ് ചര്‍ച്ചയായി മാറുന്നത്. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തലവനായിരുന്നു ഗാഡ്ഗില്‍.
പശ്ചിമഘട്ടം തകര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 340 പേര് മരണമടയുകയും നൂറുകണക്കിന് വീടുകള്‍ നശിക്കുകയും ചെയ്തതോടെ ഗാഡ്ഗിലിന്റെ പഠനം ശ്രദ്ധേയമാകുകയാണ്.
പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മ്മാണം നടക്കുന്നെന്നും ഇത്തരം പ്രദേശങ്ങളിലെ അനധികൃത റിസോര്‍ട്ടുകളും നിര്‍മ്മാണങ്ങളും ഇപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മാധവ് ഗാഡ്ഗില്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ മുണ്ടക്കൈ കനത്ത ദുരന്തം നേരിടുന്ന സാഹചര്യത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയായി മാറുന്നത്.
പരിസ്ഥിതിയെ മറുന്നുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ കുറ്റപ്പെടുത്തി. ക്വാറികളും നിരന്തരമായ പാറപൊട്ടിക്കലും പ്രദേശത്ത് കനത്ത ആഘാതമായി മാറിയെന്നും അതിന്റെ പ്രകമ്പനങ്ങള്‍ മണ്ണില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്നും പറഞ്ഞു.






