
മുംബൈ: ഒളിച്ചും പാത്തും ശബരിമലയ്ക്ക് പോകില്ലെന്നും പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുകയെന്നും വിവാദനായിക തൃപ്തി ദേശായി. സ്ത്രീകളെ വിലക്കുന്ന സ്ഥലങ്ങളില്‍ നിയമത്തിന്റെ പിന്തുണയോടെ കയറിച്ചെല്ലുന്ന തൃപ്തി ശബരിമല പ്രവേശനം തീയതി മുന്‍കൂറായി തീരുമാനിച്ച് അറിയിച്ച ശേഷമേ നടത്തു എന്നാണ് വ്യക്തമാക്കിയത്.
തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും തൃപ്തി പറഞ്ഞു. തന്റെ നീക്കത്തിന് പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുണ്ടെന്ന് മനസ്സിലാക്കുന്നെന്നും അനുമതി്യോടെ സ്ത്രീപ്രവേശനത്തിന് മുതിരാനാണ് താല്‍പ്പര്യമെന്നും തൃപ്തി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ഒരു ശബരിമല തീര്‍ത്ഥാടകനാണ് പത്തനംതിട്ടാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിച്ചത്. തുടര്‍ന്ന് ഇടുക്കി കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്കി.
എന്നാല്‍ ഇതിന് പിന്നാലെയാണ് തൃപ്തിദേശായി തന്നെ വിശദീകരണം നല്‍കിയത്. അനുമതിയോടെ ശബരിമല പ്രവേശനത്തിനാണ് ഒരുങ്ങുന്നത്. സ്വാമി അയ്യപ്പനെ ബഹുമാനിക്കുന്ന ആളാണ് താനെങ്കിലും ഇന്ത്യന്‍ ഭരണഘടനയിലാണ് കൂടുതല്‍ വിശ്വാസം. അതുകൊണ്ട് തന്നെ അതനുസരിച്ചുളള പ്രവര്‍ത്തനമായിരിക്കും നടത്തുക.






