
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി)ക്കു മുമ്പാകെ ഹാജരായാണ് പട്ടേല്‍ ഈ ഉറപ്പ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് പട്ടേല്‍ പാര്‍ലമെന്റ് സമിതികള്‍ക്കു മുമ്പാകെ ഹാജരാകുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നില്‍ ഹാജരായിരുന്നു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് നഗരപ്രദേശങ്ങളിലുള്ള പ്രതിസന്ധി പരിഹരിച്ചുകഴിഞ്ഞു. ഗ്രാമീണ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും പട്ടേല്‍ പറഞ്ഞു. പി.എ.സി അംഗങ്ങള്‍ എഴുതി നല്കിയ നൂറോളം ചോദ്യങ്ങള്‍ക്ക് പട്ടേല്‍ രേഖാമൂലം മറുപടി നല്കി. എന്നാല്‍ ഉത്തരങ്ങളില്‍ കാര്യമായ വെളിപ്പെടുത്തലുകളില്ല. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍, നിയമസാധുത, രാജ്യത്തെ പണരഹിത സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടി നല്കാന് പട്ടേലിന് കഴിഞ്ഞില്ല. യോഗത്തില്‍ 2000 രൂപയുടെ കള്ളനോട്ടും എസ്.പി എം.പി ഗവര്‍ണറെ കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്ലിയാണ് പി.എ.സി അധ്യക്ഷന്‍. റദ്ദാക്കിയ എത്ര നോട്ട് തിരിച്ചെത്തിയെന്നും ബാങ്ക് ഇടപാടുകള്‍ എന്നത്തേക്ക് പൂര്‍ണ്ണ തോതിലാകുമെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിക്കു മുന്നില്‍ വ്യക്തമാക്കാന്‍ പട്ടേലിന് കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയത്.






