
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സൈന്യം മടങ്ങിയതിന് പിന്നാലെ ദുരന്തപ്രദേശത്ത് നാട്ടുകാരുടെ തെരച്ചില്‍. രാവിലെ ഒമ്പത് മണിയോടെ എല്ലാവരും സ്ഥലത്തെത്തിയിട്ടുണ്ട്. 11 മണി വരെയാണ് തിരച്ചില്‍ നടത്തുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്ന് തെരയുന്നത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരുമാണ് തെരച്ചിലിന് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് തെരച്ചില്‍ 11 മണിക്ക് അവസാനിപ്പിക്കുന്നത്. പട്ടികയില്‍ ഇനിയും 131 പേരെ കണ്ടെത്താനുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആറു മേഖലകളായി തിരിച്ചാണ് തെരച്ചില്‍. നാട്ടുകാര്‍ പറയുന്നിടത്ത് ദൗത്യസേനയില്‍ പെട്ടവര്‍ തെരയും.
ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന തെരച്ചിലിന് ശേഷം സൈന്യം ഇന്നലെ മടങ്ങിയിരുന്നു. സൈന്യത്തിന് ഇന്ന് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വലിയ യാത്രയയപ്പ് നല്‍കിയിരുന്നു. അതേസമയം ഡൗണ്‍സ്ട്രീം തിരച്ചിലിനായുള്ള ടീം ഉള്‍പ്പെടെ 36 അംഗ സൈനിക സംഘത്തെ വയനാട്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സണ്‍റൈസ് വാലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം കെട്ടിടങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇതിനകം നാലായിരത്തിലേറെ കൗണ്‍സലിംഗ് സെഷനുകള്‍ നല്‍കാനായി. വ്യാഴാഴ്ച മാത്രം 368 പേര്‍ക്കാണ് കൗണ്‍സലിംഗ് നല്‍കിയത്.
വരുംദിവസങ്ങള്‍ കൗണ്‍സലിംഗ് നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ക്യാമ്പുകളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വായനാ പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാമഗ്രികളും ഉള്‍പ്പടെ എത്തിച്ചുനല്‍കാനായതായും മന്ത്രി പറഞ്ഞിരുന്നു.






