
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് ക്യാമ്പ്. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഐടി മിഷന്, അക്ഷയ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 60 അംഗ സംഘം ചാലിയാറില്‍ ഇന്നും നാളെയും വിശദമായ തിരച്ചില്‍ നടത്തും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തിരച്ചില്‍ നടത്തുക. ചാലിയാറില്‍ നിന്ന് നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടുത്ത പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
ദുരന്ത ബാധിത മേഖലകളില്‍ രണ്ടു ദിവസം സംഘടിപ്പിച്ച ജനകീയ തിരച്ചിലിന് പിന്നാലെയാണ് ചാലിയാറിലും വിശദമായ പരിശോധന നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് തിരച്ചില്‍. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിക്കില്ല.
വനമേഖലയായ പാണന്കായത്തില് 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചില്‍ നടത്തുക. പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചില്‍ നടത്തും.






