
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ പി.എസ്.സി. നിയമനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെ, സംസ്ഥാനത്തു വീണ്ടും പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതി. വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മാത്രം നിയമിക്കപ്പെട്ടത് 186 പേര്. ഇവരില്‍ 135 പേര് ദുരന്തങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും മറവില്‍ വിവിധ തസ്തികകളില്‍ സുരക്ഷിതരായി തുടരുന്നു.
പി.എസ്.സിയുടെ പരിധിയിലല്ലാത്ത നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാകണമെന്ന നിബന്ധന കാറ്റില്‍പ്പറത്തിയാണു പിന്‍വാതില്‍ താത്കാലികനിയമനങ്ങള്‍. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താനായില്ലെങ്കില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ഈ നടപടിക്രമങ്ങളെല്ലാം മറികടന്നാണു മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനമേള. സ്ഥിരപ്പെടുത്തല്‍ റദ്ദാക്കണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശചെയ്ത ജീവനക്കാര്‍ക്കുപോലും ശമ്പളപരിഷ്കരണം അനുവദിച്ച് സര്‍വീസ് ബുക്ക് ക്രമപ്പെടുത്തി നല്കി.
കരാര്‍ നിയമനങ്ങള്‍ക്കുള്ള തൊഴില്‍വകുപ്പിന്റെ മാനദണ്ഡങ്ങള്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് പാലിച്ചുതുടങ്ങിയത് 2023 ഏപ്രില്‍ മുതലാണ്. കരാര്‍ നിയമനങ്ങളുടെ പ്രാഥമികപരിശോധനയിലാണ് ഇത്രയധികം ക്രമക്കേട് കണ്ടെത്തിയത്. തൊഴില്മന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവകുപ്പില്പ്പോലും നൂറുകണക്കിനു സ്ഥിരം ഒഴിവുകളുള്ളപ്പോഴും പിന്‍വാതില്‍ നിയമനങ്ങളാണേറെയും.






