
ന്യൂഡല്‍ഹി: ഒളിമ്പിക്സ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഗുസ്തിതാരം വിനേഷ് ഫഗോട്ടിന് ഡല്‍ഹിയില്‍ വന്‍ സ്വീകരണം. നൂറുകണക്കിന് ആരാധകരാണ് ഹരിയാനയില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും എത്തിയത്. ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നിവരും വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വൈകാരിക വരവേല്‍പ്പായിരുന്നു താരത്തിന് കിട്ടിയത്.
കണ്ണീരോടെയാണ് വിനേഷ് സ്വീകരണം ഏറ്റുവാങ്ങിയത്. തുറന്ന ജീപ്പില്‍ വിനേഷിനൊപ്പം സാക്ഷി മല്ലിക്കും പൂനിയയും കയറി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു ആവേശത്തോടെയുള്ള പരിപാടി. ഡല്‍ഹിയില്‍ നിന്നും തന്റെ ജന്മനാടായ ഗ്രാമത്തിലേക്കാണ് വിനേഷ് ഫൊഗോട്ട് പോകുക. അവിടെ ഖാപ് പഞ്ചായത്തിന്റെ സ്വീകരണം ഉണ്ടാകും. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടന്ന് വെള്ളി ഉറപ്പിച്ച സാഹചര്യത്തിലാണ് ശരീരഭാരം 100 ഗ്രാം കൂടിയതിന് താരത്തിന് അയോഗ്യത വരുന്നത്. ഇതിനെതിരേ താരം കായികതര്‍ക്ക പരിഹാരകോടതിയെ സമീപിച്ചെങ്കിലൂം തള്ളി.
രാജ്യത്തിന് വിനേഷ് ഫഗോട്ട് നന്ദി പറഞ്ഞു. രാജ്യത്തിനും നാട്ടുകാര്‍ക്കും മുമ്പില്‍ വിതുമ്പിക്കൊണ്ടാണ് വിനേഷ് സ്വീകരണത്തിന് നന്ദി പറഞ്ഞത്. രാജ്യം നല്‍കിയത് സ്വര്ണ്ണമെഡലിനേക്കാള് വലിയ ബഹുമതിയെന്നായിരുന്ന വിനേഷിന്റെമാതാവ് പ്രതികരിച്ചത്. അതേസമയം ഗുസ്തി ഫെഡറേഷന്റെ ആരും തന്നെ താരത്തെ സ്വീകരിക്കാന്‍ എത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എല്ലാര്ക്കും നന്ദിയെന്നും താന്‍ ഭാഗ്യശാലിയാണെന്നും വിനേഷ് ഫെഗോട്ട് പ്രതികരിച്ചു.






