
തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു. കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ചോദിച്ചപ്പോൾ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് പി കെ ശശി ഒഴിഞ്ഞുമാറി.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടായെന്ന ആരോപണം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വാര്‍ത്തയുടെ അച്ഛനെ അന്വേഷിച്ച് പുറത്തുവിടൂ എന്നായിരുന്നു മാധ്യമങ്ങളുടെ തുടര്‍ ചോദ്യങ്ങളോട് ശശിയുടെ മറുപടി.
സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് പങ്കുവെക്കാന്‍ തയ്യറല്ലെന്നായിരുന്നു തരംതാഴ്ത്തല്‍ നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പി.കെ. ശശിയുടെ പ്രതികരണം. . 'ഞാന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല', അദ്ദേഹം പറഞ്ഞു.
പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി അംഗമായ പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.






