
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും ടൗണിലും പരിശോധന നടത്തി പോലീസ്. റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ്് റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
ഇന്നലെ വൈകിട്ട് 3.30നാണ് ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് കന്യാകുമാരിയിലെത്തിയത്. ഈ സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. 3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. കന്യാകുമാരി റെയില്‍വെ സ്റ്റേഷന് പരിസരത്ത് കുട്ടിയെ പുലര്‍ച്ചെ കണ്ടിരുന്നതായുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴി വെച്ച് സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കന്യാകുമാരിയിലെ ലോഡ്ജുകളിലും ബീച്ചിലും ടൗണിലും പരിശോധന നടത്തുന്നുണ്ട്.
കുട്ടി കന്യാകുമാരിയില്‍ നിന്ന് തിരിച്ചുവരാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലടക്കം മറ്റിടങ്ങളിലും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ കന്യാകുമാരിയില്‍ നിന്ന് പുനെയിലേക്കുള്ള ജയന്തി ജനത എക്സ്പ്രസിലും പരിശോധന നടത്തുന്നുണ്ട്. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കുട്ടിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന നിര്‍ണായക ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. ഇതുവെച്ചാണ് കന്യാകുമാരിയിലേക്ക് കുട്ടി പോയതായുള്ള സംശയം ഉയര്‍ന്നിരിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു കുട്ടിയെ ടൗണില്‍ കണ്ടതായി ഓട്ടോക്കാരും പറഞ്ഞത്.






