
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് ആര്. മാധവന്. സീ ടിവിയുടെ നാടക പരമ്പരയായ യൂൾ ലവ് സ്റ്റോറിയിലൂടെയാണ് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പല സീരിയലുകളിലും അഭിനയിച്ചു. മണിരത്നത്തിന്റെ അലൈപായുതേ എന്ന സിനിമയിലൂടെ മാധവന് ആരാധകരുടെ പ്രിയങ്കരനായി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയ സന്തോഷമായ മകന് വേദാന്തിന്റെ ജന്മദിനം പങ്കിടുകയാണ് മാധവന്. ഏറെ പ്രിയപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് ഓഗസ്റ്റ് 21 എന്നും മകന്റെ പത്തൊമ്പതാം പിറന്നാളാണെന്നും കുറിക്കുകയാണ് താരം. പതിവ് തെറ്റിക്കാതെയാണ് താരം മകന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.
‘‘എന്റെ ബോയ്ക്ക് 19-ാം ജന്മദിനാശംസകൾ. ഈ വർഷം നീ ആഗ്രഹിക്കുന്നത്രയും അതിലേറെയും വലുതായിരിക്കട്ടെ .. ഞാൻ കൃതജ്ഞതയാൽ മതിമറക്കുകയാണ്, എല്ലാ ദിവസവും നിനക്കായി കഠിനമായി പ്രാർത്ഥിക്കുന്നു. എനിക്ക് 19 വയസ്സുള്ളപ്പോൾ ഒരിക്കൽ അപ്പ എന്നോട് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. മകനായി എന്നെ അർഹിക്കാൻ അച്ഛന് എന്താണ് ചെയ്തതെന്ന് അച്ഛനറിയില്ലെന്ന് ആയിരുന്നു അത്. ഇന്ന് എനിക്കും അങ്ങനെ തന്നെ തോന്നുന്നു, പക്ഷേ തികച്ചും വിപരീത വികാരത്തോടെ ഹാ ഹാ ... മുന്നോട്ട് പോയി നിനക്ക് ആകാൻ കഴിയുന്ന ഏറ്റവും നല്ല മനുഷ്യനാകൂ. സ്നേഹവും സന്തോഷവും പരത്തുക. നിനക്ക് അത് ചെയ്യാൻ ദൈവം വളരെ എളുപ്പമാക്കിയിരിക്കുന്നു...’’ എന്നാണ് മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രത്തിന്റെ ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. മകന്റെ പിറന്നാള്‍ പതിവു പോലെ ആഘോഷിക്കുകയാണ് കുടുംബം.
പോസ്റ്റിനു താഴെ സഹതാരങ്ങളും ആരാധകരും കമന്റുകളും ആശംസകളും കുറിക്കുന്നുണ്ട്. ‘ഓ എന്റെ ദൈവമേ ! 19 ആയോ...ജന്മദിനാശംസകൾ വേദാന്ത്, സന്തോഷവാനും ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’ എന്നാണ് ശില്‍പ്പഷെട്ടി കുറിച്ചത്. ദിയ മിര്‍സ, രാധിക ശരത്കുമാര്, ഷമിത ഷെട്ടി എന്നിവരടക്കം ഒരുപാട് പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്.
മാധവന്റെ മകൻ വേദാന്ത് മാധവൻ മറ്റ് താരപുത്രന്മാരില് നിന്ന് വ്യത്യസ്തനാണ്. കൗമാരപ്രായത്തിലാണെങ്കിലും, തന്റെ പ്രശസ്തനായ പിതാവുമായോ സിനിമാ ലോകവുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സവിശേഷ വ്യക്തിത്വം വേദാന്ത് മാധവൻ ഇതിനകം തന്നെ നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളായി, വേദാന്ത് നീന്തൽ കായികരംഗത്ത് ഇന്ത്യയുടെ ഏറ്റവും തിളക്കത്തോടെ ഉയർന്നുവരുകയാണ്. ഇതിനകം തന്നെ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്ക് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് വേദാന്ത്.






