
മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ കുളത്തൂർ സ്വദേശി രാജനെയാണ് പോലീസ് കസ്റ്റഡിലെടുത്തുത്. മറ്റുള്ള പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കെഎസ്എഫ്ഇ ജീവനക്കാരനടക്കം അഞ്ചുപേര്‍ക്കെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുന്‍ ട്രഷറര്‍ തിരുവേഗപ്പുറം വിളത്തൂര്‍ കാവുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവര്‍ത്തകരായ പടപ്പേതൊടി വീട്ടില്‍ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടില്‍ വീട്ടില്‍ മുഹമ്മദ് അഷ്റഫ് (ബാവ 50), പനങ്ങാട്ടുതൊടി വീട്ടില്‍ റഷീദലി (50), സ്ഥാപനത്തിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി അമ്പലപ്പടി ശ്രീരാഗത്തില്‍ രാജന് (65) എന്നിവര്‍ക്കെതിരെയാണ് കേസ്.
221 പവന് മുക്കുപണ്ടമാണ് പണയംവച്ചത്. അപ്രൈസര്‍ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. പത്ത് തവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായും മുക്കുപണ്ടം നല്‍കിയിട്ടുണ്ട്. പട്ടാമ്പി സ്വദേശികള്‍ തട്ടിപ്പിനായി വളാഞ്ചേരി ശാഖ തിരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. നവംബര്‍മുതല്‍ ഈ വര്‍ഷം ജനുവരിവരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വളാഞ്ചേരി എസ്എച്ച്ഒ ബഷീര്‍ സി ചിറക്കലാണ് കേസ് അന്വേഷിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിനാണ് മേല്‍നോട്ട ചുമതല.






