
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് 'അന്വേഷണസാധ്യത' (സ്കോപ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) പോലീസ് പരിശോധിക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച നാല് പരാതികള്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: എം.ആര്. അജിത്കുമാറിനു കൈമാറി.
എ.ഡി.ജി.പിയാണു കേസെടുക്കാനുള്ള സാധ്യത പരിശോധിക്കുന്നത്. നിയമോപദേശമടക്കം തേടിയശേഷമാകും അന്തിമതീരുമാനം. ഹൈക്കോടതി നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത്, നിയമപരമായി സാധ്യമെങ്കില്‍ കേസെടുക്കാന്‍ സര്‍ക്കാരും പോലീസിനു നിര്‍ദേശം നല്‍കിയതായാണു സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയാണു ഡി.ജി.പിക്കു പരാതി നല്‍കിയത്. കമ്മിറ്റി മുമ്പാകെ മൊഴി നല്കിയവരാരും പരാതിക്കാരായില്ല.
റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ലൈംഗികപീഡനങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയമിക്കാനാകുമോയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു. കമ്മിറ്റിക്കു മൊഴി നല്കിയവര് പരാതിപ്പെടാത്തതാണു കേസെടുക്കാന്‍ തടസമെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പരാതിയില്ലെങ്കിലും പോലീസിനു സ്വമേധയാ കേസെടുക്കാമെന്ന വാദം നിയമവൃത്തങ്ങളില്‍ സജീവമാണ്.






