
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇഛാശക്തികൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും എന്നാല്‍ മൊഴികളെ അടിസ്ഥാനമാക്കി സ്വമേധയാ കേസെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മറ്റിയംഗവുമായി എ.കെ. ബാലന്. വെറും റിപ്പോര്‍ട്ടിന്റെ ഭാഗമായി എഫ്ഐആറിടാനാകില്ലെന്നും അതിന് പരാതിക്കാരിന്റെ കൂടി ഇടപെടല്‍ വരേണ്ടതുണ്ടെന്നും പറഞ്ഞു.
കോടതിയുടെ ഇടപെടല്‍, പരാതിക്കാരുടെ ഇടപെടല്‍, സര്‍ക്കാറിന്റെ സമീപനം എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഒരുമിച്ചാലെ പരിഹാരം കാണാന്‍ കഴിയൂ. പ്രശ്നപരിഹാരത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമായിരുന്നു എന്നും എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മാത്രമേ കേസെടുക്കാനാകൂ എന്നും ഹൈക്കോടതി പരാമര്‍ശം അതിന് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശക്തമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും പറഞ്ഞു. ഗൗരവമുള്ള കാര്യമാണ് ഈ റിപ്പോര്‍ട്ടെന്നും ഹേമക്കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും മന്ത്രി സജിചെറിയാന് പറഞ്ഞിരുന്നു. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നാണ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശം. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.






