
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ നാല്‍പ്പത്തഞ്ചാം പ്രസിഡന്റായി സ്ഥാനമേറ്റ ചടങ്ങില്‍ ഹിലരി ക്ളിന്റണും പങ്കെടുത്തു. ലക്ഷക്കണക്കിന് ആള്ക്കാര് ചടങ്ങ് കാണാനായി തലസ്ഥാന നഗരത്തിലേക്ക് യാത്ര തിരിച്ചപ്പോള്‍ 60 ലധികം ഡെമോക്രാറ്റ് പ്രതിനിധികളാണ് വിട്ടു നിന്നത്. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരിയുടെ സാന്നിദ്ധ്യമായിരുന്നു. നിറചിരിയോടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായിരുന്ന ബില്ലിനൊപ്പം ഹിലരിയെത്തി.
മുന്‍കാല സത്യപ്രതിജ്ഞകളെ അപേക്ഷിച്ച് ആള്ക്കാര് കുറവായിരുന്നെങ്കിലും ഒട്ടനേകം മുന്‍ പ്രസിഡന്റുമാരും ചടങ്ങിന്റെ ഭാഗമായി. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജ്ജ് എച്ച് ഡബ്ള്യൂ ബുഷ് ഒഴികെ ജീവിച്ചിരിക്കുന്ന എല്ലാ മുന്‍കാല പ്രസിഡന്റുമാരും സത്യപ്രതിജ്ഞാ ചടങ്ങിനായി വാഷിംഗ്ടണില്‍ എത്തി. കുടുംബത്തോടൊപ്പം പള്ളിയില്‍ പോയി പ്രാര്‍ത്ഥനകളൊക്കെ കഴിച്ച ശേഷമായിരുന്നു ട്രംപും ഭാര്യ മെലാനിയയും സ്ഥലത്തെത്തിയത്. ചായയ്ക്ക് ശേഷം ബാരാക് ഒബാമയും മൈക്കേല ഒബാമയും ചടങ്ങിനായി എത്തിയിരുന്നു.
രണ്ടു ബൈബിളുകളില്‍ തൊട്ടായിരുന്നു ട്രംപ് പ്രതിജ്ഞ ചൊല്ലിയത്. ഇതില്‍ ഒരെണ്ണം തന്റെ കുടുംബത്തിന്റെയും മറ്റേത് ഏബ്രഹാം ലിങ്കണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ചതും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിയോഗിതനാകുന്ന ഏറ്റവും പ്രായമേറിയ ആളാണ് ഡൊണാള്‍ഡ് ട്രംപ്. ഒബാമയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനം വീണ്ടും വാര്‍ദ്ധക്യത്തിലേക്ക് ചെല്ലുന്നതിന്റെ സൂചനയും ട്രംപിലൂടെയുണ്ടായി.






