
വാഷിംഗ്ടണ്‍: അല്‍ ക്വൊയ്ദാ തീവ്രവാദികളുടെ മേല്‍ ശക്തമായ ആക്രമണം നടത്തി അമേരിക്കന്‍ സേന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഒബാമയ്ക്ക് വിട നല്കി. സിറിയയിലെ അല്‍ ക്വൊയ്ദ കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എയര്‍ഫോഴ്സ് ബി-52 ബോംബര്‍ നടത്തിയ ആക്രമണത്തില്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. പടിഞ്ഞാറന്‍ അലപ്പോയിലായിരുന്നു ആക്രമണം. തീവ്രവാദത്തിനെതിരേ കടുത്ത നിലപാട് എടുക്കുമെന്ന് പുതിയതായി സ്ഥാനമേറ്റ ട്രംപ് നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണ വിവരവും പുറത്തുവന്നത്.
ഓപ്പറേഷനില്‍ ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. വൈറ്റ് ഹൗസില്‍ നിന്നും ഒബാമ പടിയിറങ്ങുന്ന മണിക്കൂറില്‍ അമേരിക്കന്‍ വ്യോമസേന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. വ്യാഴാഴ്ച തന്നെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ലിബിയയിലെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ രണ്ടു പരിശീലന ക്യാമ്പുകളില്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. വടക്കന്‍ ആഫ്രിക്കയിലും മദ്ധ്യേഷ്യയിലും നടക്കുന്ന ഇത്തരം പോരാട്ടങ്ങളാണ് പുതിയതായി അധികാരമേല്‍ക്കുന്ന ട്രംപിനെയും കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍.
വ്യാഴാഴ്ച ഇഡ്ലിബിലെ ഷെയ്ഖ് സുലൈമാന്‍ പരിശീലന ക്യാമ്പിലായിരുന്നു ബി-52 വിമാനം ആക്രമണം നടത്തിയത്. ഒട്ടേറെ വര്‍ഷങ്ങള്‍ ആക്രമണം നടത്തിയെങ്കിലും അല്‍ കൊയ്ദ തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ ആക്രമണം നടത്താന്‍ കഴിഞ്ഞത് ഇത്തവണയാണെന്നും പെന്റഗണ്‍ പറയുന്നുണ്ട്. ആക്രമണത്തിനായി 14 ബോംബുകളും മിസൈലുകളും ഉപയോഗിച്ചെന്നും പെന്റഗണ്‍ പറയുന്നു. അതേസമയം ആക്രമണത്തെ സിറിയന്‍ പ്രതിപക്ഷമായ ജഭത് ഫത്തേ അല്‍ ഷാം അപലപിച്ചിട്ടുണ്ട്. ആക്രമണം നടന്നത് തങ്ങളുടെ പുതിയ റിക്രൂട്ട് ക്യാമ്പിലാണെന്നുംസിറിയന് നേതാവ് ബാഷര്‍ അല്‍ ആസാദിനെതിരേ പൊരുതുന്ന പോരാളികളെയാണ് അമേരിക്കന്‍ സേന ഇല്ലാതാക്കിയതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ നുസ്രാഫ്രണ്ട് എന്ന് നേരത്തേ അറിയപ്പെട്ടിരുന്നു ജഭത് ഫത്തേ അല്‍ ഷാം അല്‍ കൊയ്ദയുടെ ഭാഗം തന്നെയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആണയിടുന്നു. അടുത്തിടെ അല്‍ കൊയ്ദയ്ക്കെതിരേ പോരാട്ടം നന്നായി ഫലം കാണുന്നുണ്ട് എന്നും ജനുവരി 1 മുതല്‍ ഇതുവരെ 150 ഭീകരരെ ഇല്ലാതാക്കാനായെന്നും പറയുന്നു. കൊല്ലപ്പെട്ടവരില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരേ ആക്രമണപദ്ധതി തയ്യാറാക്കുന്ന അല്‍ കൊയ്ദയുടെ ബുദ്ധികേന്ദ്രം മൊഹമ്മദ് ഹബീബ് ബൗസാദോണ് അല്‍ ടുണീഷിയും ഉണ്ടെന്ന് പെന്റഗണ്‍ വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.






