
ക്യൂബയിലെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച മുതൽ വൈദ്യുതി പ്രതിസന്ധി. 14 മണിക്കൂറിലേറെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. ആറ് നിലയങ്ങൾ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു.
ഉഷ്ണ തരംഗം രൂക്ഷമാവുന്നതിനിടയിലാണ് ലക്ഷക്കണക്കിന് ആളുകളെ ബുദ്ധിമുട്ടിലാക്കിയ സംഭവമുണ്ടായത്. അറ്റകുറ്റ പണി സമയത്ത് നടക്കാതെ വന്നതും സാങ്കേതിക വിദ്യ പഴഞ്ചനായതുമാണ് നിലയങ്ങളിലെ തകരാറിന് കാരണമെന്നാണ് അധികൃതർ പറഞ്ഞു.
വാരാന്ത്യത്തില്‍ ഭൌമാന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് 90 ശതമാനവും താപനില 35 ഡിഗ്രി സെൽഷ്യസ് എത്തുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച വൈകുന്നേരം മുതൽ രാജ്സ തലസ്ഥാനമായ ഹവാനയിലെ മാട്ടൻസാസ് പ്രവിശ്യയിൽ അടക്കം വൈദ്യുതി നിലച്ചു. വിനോദ സഞ്ചാര മേഖലയിൽ നിർണായകമായ ഇടങ്ങളിലും ആശുപത്രികളിലും മാത്രമാണ് നിലവിൽ വൈദ്യുതി ലഭ്യമായിട്ടുള്ളത്. കൊടും ചൂടിൽ രാത്രിയിൽ വീടിന് വെളിയിലെ തെരുവുകളിലാണ് ആളുകൾ അഭയം തേടുന്നത്.






