
തിരുവനന്തപുരം: രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര . ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. ഒടുവിൽ രഞ്ജിത്ത് സമ്മതിച്ചുവെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ക്കുന്നു.
ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു . സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്.താനായിട്ട് പരാതി നല്‍കില്ലെന്നും കേരള പോലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. പോലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്കാന് ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത് .പിന്നീട് ആരുംതന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.





