
കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനേത്തുടര്ന്നുള്ള വെളിപ്പെടുത്തല്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി അപ്പാടെ രാജിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ 17 അംഗ നിര്‍വാഹകസമിതിയാണു ചുമതലയൊഴിഞ്ഞത്. ലൈംഗികപീഡനാരോപണത്തേത്തുടര്ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് നേരത്തേ രാജിവച്ചിരുന്നു.
രണ്ടുമാസത്തിനുള്ളില്‍ പൊതുയോഗം ചേര്‍ന്ന് പുതിയ നിര്‍വാഹകസമിതിയെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലെ സമിതി 'അഡ്ഹോക് കമ്മിറ്റി'യായി പ്രവര്‍ത്തിക്കും. ഭാരവാഹികള്‍ ഉള്‍പ്പെടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്താണു ഭരണസമിതി സ്ഥാനമൊഴിഞ്ഞത്. രാജിക്കു മുമ്പ് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നെന്നും മനസ് വേദനിക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ പോകുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാജിവയ്ക്കുന്നതാണു നല്ലതെന്നു മമ്മൂട്ടിയും പറഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഘടനയുടെ വാട്സ്ആപ് ഗ്രൂപ്പിലുള്‍പ്പെടെ വന്തര്ക്കങ്ങള് നടന്നിരുന്നു. അംഗങ്ങളില്‍ പലരും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ'യുടെ നിലപാടിനെ വിമര്‍ശിച്ചു. യുവതാരങ്ങളുടെ വിമര്‍ശനം രൂക്ഷമായിരുന്നു. സംഘടനാനിലപാടിനെ തുടക്കത്തിലേ വിമര്‍ശിച്ച വൈസ് പ്രസിഡന്റ് ജഗദീഷിനെ പിന്തുണച്ചാണു ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചത്. ആരോപണവിധേയര്‍ പുറത്തുപോകണമെന്നു വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിനേത്തുടര്‍ന്ന് ചുമതലയേറ്റ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരേയും ലൈംഗികാരോപണം ഉയര്‍ന്നതു പ്രശ്നം കൂടുതല്‍ വഷളാക്കി. സംഘടനയ്ക്കു വീഴ്ചപറ്റിയെന്നു പൃഥ്വിരാജ് പരസ്യമായി പ്രതികരിച്ചതും നേതൃത്വത്തിന് തിരിച്ചടിയായി. ഭാരവാഹികളും മുന്‍ ഭാരവാഹികളും മുതിര്‍ന്ന നടന്മാരും തുടര്‍ച്ചയായി ലൈംഗികാരോപണം നേരിട്ടതോടെയാണു ഭരണസമിതിതന്നെ സ്ഥാനമൊഴിഞ്ഞ് മുഖം രക്ഷിക്കാന്‍ തീരുമാനമായത്.
ഇന്നലെ ഉച്ചയ്ക്ക് നിര്‍വാഹകസമിതി അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നയുടന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി പ്രഖ്യാപിച്ചു. ഒരുവിഭാഗം എതിര്‍ത്തെങ്കിലും മോഹന്‍ലാല്‍ നിലപാടിലുറച്ചുനിന്നു. ഇതോടെ മറ്റ് സമിതിയംഗങ്ങളും രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായി. മുമ്പൊരിക്കലുമുണ്ടാകാത്ത പ്രതിസന്ധിയിലൂടെയാണു സംഘടന കടന്നുപോകുന്നതെന്നു മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. വലിയ മനോവിഷമമുണ്ടാക്കിയ കാര്യങ്ങളാണു നടന്നത്. അതുകൊണ്ടാണു രാജിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈനീട്ടവും ചികിത്സാസഹായവും തുടരും
അംഗങ്ങള്‍ക്ക് ഒന്നാംതീയതി തോറും നല്കുന്ന കൈനീട്ടവും ചികിത്സാസഹായങ്ങളും തുടരുമെന്നു മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 30-നാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. മോഹന്‍ലാല്‍ (പ്രസിഡന്റ്), സിദ്ദിഖ് (ജനറല്‍ സെക്രട്ടറി), ജഗദീഷ്, ജയന് ചേര്‍ത്തല (വൈസ് പ്രസിഡന്റുമാര്‍), ബാബുരാജ് (ജോയിന്റ് സെക്രട്ടറി), ഉണ്ണി മുകുന്ദന് (ട്രഷറര്‍), അന്‍സിബ ഹസന്, സരയൂ, വിനു മോഹന്‍, സുരേഷ് കൃഷ്ണ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, ടൊവിനോ തോമസ്, ടിനി ടോം, ജോമോള്‍ (അംഗങ്ങള്‍) എന്നിവരുള്‍പ്പെട്ടതായിരുന്നു നിര്‍വാഹകസമിതി. ഭരണസമിതി രാജി പ്രഖ്യാപിക്കുമ്പോള്‍ 'അമ്മ' ഓഫീസില്‍ ആരുമില്ലായിരുന്നു. കലൂരിലെ ഓഫീസ് പൂട്ടിയനിലയിലാണ്. കാവല്ക്കാരന് മാത്രമാണുള്ളത്. 'അമ്മ'യില്‍ ആകെ 505 അംഗങ്ങളാണുള്ളത്.






