
കൊച്ചി: 'അമ്മ'യില്‍ അംഗത്വമെടുക്കാത്തത് സംഘടന സഹായിക്കുമെന്നു തോന്നാത്തതിനാലാണെന്നു നടി ഐശ്വര്യ ലക്ഷ്മി. അംഗത്വമെടുക്കേണ്ട സംഘടനയായി 'അമ്മ'യെ തോന്നിയിട്ടില്ല. അംഗത്വം എടുത്തതുകൊണ്ട് തനിക്കെന്തെങ്കിലും പ്രശ്നം വന്നാല്‍ അവര്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കൊണ്ട് തോന്നിയില്ല. ആര്‍ക്കാണു കമ്മിറ്റ്മെന്റുള്ളത് അവരാണു സംഘടനയുടെ തലപ്പത്തു വരേണ്ടതെന്നും ഐശ്വര്യ പറഞ്ഞു.
മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണം. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യ ലക്ഷ്മി ചെന്നൈയില്‍നിന്നു പ്രതികരിച്ചു. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു.
ഡബ്ല്യു.സി.സിയും സര്‍ക്കാരും മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണു ചോദിക്കുന്നത്. കാസ്റ്റിങ് കൗച്ചിനെതിരേ നിയമപരമായി മുന്നോട്ടുപോകണം. നടി ആക്രമിക്കപ്പെട്ട അന്ന് മുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. അവര്‍ സ്വന്തം കാര്യം എഴുന്നേറ്റുനിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.





