
തിരുവനന്തപുരം: ലൈംഗികാപവാദ കുരുക്കില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരേ ഉയരുന്ന രാജിയാവശ്യം തള്ളി ഇടതു കണ്‍വീനര്‍ ഇ.പി. ജയരാന്. നേരത്തേ രണ്ട് കോണ്‍ഗസ് എംഎല്‍എമാര്‍ക്ക് എതിരേ പരാതി ഉയര്‍ന്നിട്ട് അവര്‍ രാജിവെച്ചില്ലല്ലോ എന്ന് ഇ. പി. ജയരാജന് ചോദിച്ചു. മുകേഷിനെതിരേ കേസെടുത്തത് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ ധാര്‍മ്മിക നിലപാടാണെന്നും ഗവണ്മെന്റ് ഈ കേസില്‍ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഏഴുപേര്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇ. പി. ജയരാജന് പറഞ്ഞു.
സര്‍ക്കാര്‍ സ്ത്രീസംരക്ഷണ കാര്യത്തില്‍ സ്വീകരിച്ച ചരിത്ര നടപടിയായിട്ട് വേണം ഇതിനെ വിലയിരുത്താനെന്നും മുഖം നോക്കാതെയാണ് സര്‍ക്കാരും പോലീസും നടപടിയെടുത്തതെന്നും പറഞ്ഞു. സിനിമാരംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കാനും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതുമെല്ലാം ചരിത്രപരമായ നടപടിയാണെന്നും പറഞ്ഞു. തെറ്റ് ചെയ്ത ഒരാളെയും ഇടതുപക്ഷം സ്വീകരിക്കില്ല. എല്ലാം കാത്തിരുന്നു കാണാമെന്നും ഇ.പി. ജയരാജന് പ്രതികരിച്ചു.
നേരത്തേ നടിയുടെ പരാതിയില്‍ മുകേഷ്കുമാര്‍ എംഎല്‍എയ്ക്ക് എതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയില്‍ അംഗത്വം എടുക്കാന്‍ സമീപിച്ചപ്പോഴായിരുന്നു മോശം പെരുമാറ്റമുണ്ടായതെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും മുകേഷ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലപാട് എടുക്കാന്‍ സിപിഐ ഇന്ന് 12 മണിക്ക് ഓണ്‍ലൈന്‍ യോഗം ചേരുന്നുണ്ട്.






