
കൊച്ചി : പോലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തതിന് പിന്നാലെ പ്രതികള്‍ കൂട്ടത്തോടെ കോടതിയിലേക്ക് നീങ്ങുന്നതായി സൂചന. എംഎല്‍എ കൂടിയായ മുകേഷ്, ആദ്യം ആരോപണം ഉന്നയിക്കപ്പെട്ട സംവിധായകന് രഞ്ജിത്ത് നടന്മാരായ സിദ്ദിഖ്, ഇടവേളബാബു എന്നിവരും ലൈംഗികാപവാദക്കേസില്‍ മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
കൊച്ചിയിലെ നടിയുടെ പരാതിയിലാണ് മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരേ കേസെടുത്തത്. ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകന് രഞ്ജിത്തിനെതിരേ കേസെടുത്തത്. കേസില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ട്. കേസ് റദ്ദാക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതടക്കമുള്ള നിയമോപദേശം മുകേഷ് തേടിയതായിട്ടാണ് വിവരം. മരട് സ്വദേശിയായ നടിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവിധ ജില്ലകളിലായിട്ടാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിലാണ് ബലാല്‍സംഗത്തിന് കേസെടുത്തത്. യുവനടിയില്‍ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയുമെടുക്കും. 2016 ല്‍ മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് പിന്നാലെ സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ മൊഴി.
കൊച്ചിയിലെ നടി ഏഴു പേര്‍ക്കെതിരേയാണ് പീഡനത്തിന് കേസെടുത്തത്. നാലുനടന്മാരും രണ്ടു പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും ഒരു അഭിഭാഷകനുമെതിരേയാണ് പോലീസ് കേസെടുത്തത്. ഏഴു പേര്‍ക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളില്‍ എടുത്തിരിക്കുന്ന കേസുകളില്‍ ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ് എടുക്കാനാണ് ആലോചന.






