
സൗദിയിലെ അബഹയിൽ അസീർ മെഡിക്കൽ കോളജിൽ അർബുദം മൂർച്ഛിച്ച് രണ്ട് മാസമായി കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിയെ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ അമ്പലപ്പുഴ കരൂർ കുട്ടൻതറവീട്ടിൽ രഞ്ജു മോനെ (39) നാട്ടിലെത്തിക്കാൻ ഏറെ നാളമായി ശ്രമങ്ങൾ നടത്തുകയായിരൃന്നു. ഡോക്ടർമാർ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് നിർദേശിച്ചെങ്കിലും ഇതിനാവശ്യമായ 14 ലക്ഷം രൂപ കണ്ടെത്താനാകാതെ നിർധന കുടുംബം വിഷമിക്കുകയായിരുന്നു .
ഡ്രൈവർ ജോലിക്കായി രഞ്ജു മോൻ അഞ്ചു കൊല്ലം മുമ്പാണ് സൗദിയിലെത്തിയത്. രണ്ട് വർഷത്തിനുശേഷം തലവേദനയെത്തുടർന്ന് അബഹയിൽ ചികിത്സതേടി. മുഖത്തിെൻറ ഒരുവശത്തെ എല്ല് പൊടിഞ്ഞു തുടങ്ങിയിരുന്നു. തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് തലയിലും കഴുത്തിലും അർബുദബാധ കണ്ടെത്തിയത്.
തുടർന്ന് കടംവാങ്ങിയും മറ്റുള്ളവരുടെ സഹായത്താലുമായിരുന്നു 20 ലക്ഷത്തിലേറെ രൂപയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. കടംവീട്ടാൻ വേണ്ടിയാണ് ഒമ്പത് മാസം മുമ്പ് വീണ്ടും അബഹയിലേക്ക് തിരിച്ചുവന്നത്. രണ്ട് മാസം മുമ്പ് രക്തം ഛർദ്ദിച്ച് അവശതയിലായി. വെൻറിലേറ്റർ സഹായത്തോടെയായിരുന്നു പിന്നീട് ചികിത്സ.
ഇതിനിടെ രഞ്ജു മോനെ നാട്ടിൽ എത്തിക്കാൻ വീട്ടുകാർ ജനപ്രതിനിധികളടക്കമുള്ളവരെ സമീപിച്ചു. സ്ട്രെച്ചർ സൗകര്യത്തോടെ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ കഴിയൂ. ഡോക്ടറും നഴ്സും ഒപ്പമുണ്ടാകണം. ഇതിനെല്ലാംകൂടി വേണ്ടിവരുന്ന ഭാരിച്ച ചെലവ് നിർധനകുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. രഞ്ജു മോെൻറ നാട്ടുകാരികൂടിയായ ബഹ്റൈനിലെ സാമൂഹിക പ്രവർത്തക ഗീത വേണുഗോപാൽ വിഷയത്തിൽ ഇടപെടുകയും നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്താൻ അബഹയിലെ സാമുഹികപ്രവർത്തകൻ ഇബ്രാഹിം പട്ടാമ്പിയുടെ സഹായം തേടുകയും ചെയ്തു.
തുടര്ന്ന് ഇവര് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ദുബൈയിലെ ഒരു കമ്പനിയെ ചുമതലപ്പെടുത്തി. അവരുടെ നിർദേശാനുസരണം യാത്രക്കുള്ള രേഖകളെല്ലാം ഗീത ഇബ്രാഹിം പട്ടാമ്പിയുടെ സഹായത്തോടെ തയാറാക്കി. നാട്ടിലെത്തിയാൽ ബംഗളുരുവിലെ ആസ്റ്റർ ആശുപത്രിയിൽ തുടർചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.






