
യാത്രയുടെ ഭാഗമായോ ജോലിയുടെ ഭാഗമായോ പലരും അപരിചിത സ്ഥലങ്ങളില്‍ എത്തിപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആദ്യമായി ഇവിടെ എത്തുന്ന ആളുകള്‍ സൂക്ഷിക്കണം. കാരണം പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴിതാ കസാക്കിസ്ഥാനില്‍ നിന്നും തനിക്കുണ്ടായ അതുപോലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള കോമള്‍ മഹേശ്വരി എന്ന വ്ലോഗര്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് ഭാഗങ്ങളായി കോമള്‍ തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതില്‍ പറയുന്നത് എങ്ങനെയാണ് ഒരു ടാക്സി ഡ്രൈവര്‍ തന്നെ പറ്റിച്ച് വലിയ ഒരു തുക തന്നില്‍ നിന്നും തട്ടിയെടുത്തത് എന്നാണ്. കസാക്കിസ്ഥാനിലേക്ക് സോളോ ട്രിപ്പ് പോയതാണ് കോമള്‍. ടാക്സി ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. അതിനിടയില്‍ ഒരു യുവാവ് വന്ന് ടാക്സി ഡ്രൈവറാണ് എന്ന് സ്വയം പരിചയപ്പെടുത്തി. അയാള്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ ഐഡി കാര്‍ഡ് കാണിച്ചു എന്നും കോമള്‍ പറയുന്നുണ്ട്. തനിക്ക് പോകേണ്ടുന്ന സ്ഥലത്തേക്ക് എത്ര രൂപയാകും എന്ന് ചോദിച്ചപ്പോള്‍ 200 രൂപയാണ് എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പിന്നാലെ താന്‍ ടാക്സിയില്‍ കയറുകയും ചെയ്തു.
ഒരു ആഡംബര കാറായിരുന്നു. അതിനകത്ത് മറ്റൊരാളും ഇരിക്കുന്നുണ്ടായിരുന്നു. അത് ബിസിനസ് പാര്‍ട്ണറാണ് എന്നാണ് പറഞ്ഞത്. ഇത് കസാക്കിസ്ഥാനില്‍ സാധാരണമായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍, കാര്‍ ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ രൂപയില്‍ ഏകദേശം 14,000 രൂപയാകും എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അതുവരെ നല്ല രീതിയില്‍ പെരുമാറിയിരുന്ന ഡ്രൈവര്‍ പെട്ടെന്ന് രൂക്ഷമായി പെരുമാറാന്‍ തുടങ്ങി. ഞങ്ങളുടെ കയ്യിലാണെങ്കില്‍ പാസ്പോര്‍ട്ട്, കാശ്, ഗാഡ്ജറ്റുകള്‍ തുടങ്ങി എല്ലാമുണ്ട്. പുറത്താണെങ്കില്‍ ആരെയും കാണാനുണ്ടായിരുന്നില്ല. പാതിരാത്രിയായിരുന്നു സമയം. ഞങ്ങള്‍ക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് കാശ് കൊടുക്കുക എന്നത് മാത്രമാണ്. ഒടുവില്‍ പറഞ്ഞ് പറഞ്ഞ് 6000 രൂപ നല്‍കേണ്ടി വന്നു. അതിന് തന്നെ ഒരുപാട് യാചിക്കേണ്ടി വന്നു എന്നും യുവതി പറയുന്നു.
എന്നാല്‍ എല്ലാ കസാക്കിസ്ഥാന്കാരും ഇങ്ങനെയാണ് എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അവര്‍ വ്യക്തമാക്കി. നല്ലവരും ഉണ്ട്. നല്ലതുപോലെ തങ്ങളോട് പെരുമാറിയ ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ടായിരുന്നു എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എപ്പോഴും ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് വേണം കാബ് എടുക്കാന്‍ എന്ന് പറഞ്ഞവരുണ്ട്. ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇത് നടക്കാറുണ്ട് എന്നും കമന്റുകള്‍ നല്‍കിയവരുണ്ട്.






