
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുത്ത് സി.പി.എം. നേതൃത്വം. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശി വിഷയവും എ.ഡി.ജി.പി: എം.ആര്. അജിത്കുമാറിനെതിരേ അന്‍വര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയും ചര്‍ച്ചയാകും.
മുഖ്യമന്ത്രിക്കു നല്കിയ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അന്‍വര്‍ കൈമാറി. ഇന്നലെ രാവിലെ എ.കെ.ജി. സെന്ററിലെത്തിയാണ് അന്‍വര്‍ ഗോവിന്ദനെ കണ്ടത്. പരാതി ഗൗരവത്തിലെടുക്കുമെന്നു ഗോവിന്ദന് മറുപടി നല്‍കിയതായാണു സൂചന. സംസ്ഥാനസമിതി അംഗം കൂടിയായ ശശിക്കെതിരേ രേഖാമൂലമുള്ള ആരോപണങ്ങളാണ് ഇതോടെ പാര്‍ട്ടി നേതൃത്വത്തിനു മുന്നിലെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശശിക്കെതിരായ പരാതിയും അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനസമിതി അംഗത്തിനെതിരായ പരാതി പാര്‍ട്ടിക്കാണു നല്‍കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതു പാര്‍ട്ടിയാണ്. പോലീസിനെതിരായ പരാതി എഴുതിനല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ശശിക്കെതിരായ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചാലും പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമോയെന്നു വ്യക്തമല്ല.
ആരോപണങ്ങള്‍ സംബന്ധിച്ചു ശശിയും മുഖ്യമന്ത്രിക്കു വിശദീകരണം നല്കി. അദ്ദേഹം ഗോവിന്ദനെയും കണ്ടേക്കും. പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ ശശി സമ്പൂര്ണപരാജയമാണെന്ന ആരോപണമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിനും പാര്‍ട്ടിക്കുമിടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കേണ്ട പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ പാര്‍ട്ടിയും എ.ഡി.ജി.പിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുമാകും തീരുമാനമെടുക്കുക.






