
കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സിബിഐക്ക് വിടാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയതായി മലപ്പുറം എസ് പി എസ് ശശിധരൻ. സിബിഐ അന്വേഷണത്തിന് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശുപാർശ നൽകിയത്. എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.
കോഴിക്കോട്ടെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് കാണാതാകുന്നത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങിയ ആട്ടൂരിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. അന്നു രാത്രി തലക്കുളത്തൂര്‍ എന്ന സ്ഥലത്ത് അവസാന ലൊക്കേഷന്‍ കാണിച്ചു എന്നാണ് കുടുംബത്തെ പോലീസ് അറിയിച്ചത്.
നടക്കാവ് പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഈ അന്വേഷണത്തെക്കുറിച്ച് വലിയ പരാതികള്‍ ഉന്നയിച്ചു കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മലപ്പുറം എസ്പിയുടെ മേല്‍നോടത്തില്‍ പുതിയ സംഘത്തെ എഡിജിപി എംആര്‍ അജിത് കുമാര്‍ നിയോഗിച്ചത്. എന്നാല്‍ നേരത്തെ അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ സംഘത്തിലുമെന്ന് കുടുംബം പറയുന്നു.






