
തൊടുപുഴ: സിനിമാ ചിത്രീകരണത്തിനിടെ ഷൂട്ടിങ് ലൊക്കേഷനില്‍ നടന് ജയസൂര്യ കടന്നുപിടിച്ചെന്ന കേസില്‍ പരാതിക്കാരിയായ നടി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. ഇന്നലെ രാവിലെ 10 മണിയോടെയാണ് നടി സ്റ്റേഷനിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് 2.30 നാണ് അവസാനിച്ചത്. മൊഴിയെടുക്കല്‍ അന്വേഷണ സംഘം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവം നടന്നുവെന്ന് പറയുന്ന കൂത്താട്ടുകുളത്തിന് സമീപത്തെ പന്നിഫാമിലും നടിയെ കൊണ്ടുപോയി തെളിവെടുത്തു.
തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. തൊടുപുഴ പോലീസിനു കൈമാറുകയായിരുന്നു. മൂന്നു ദിവസം മുമ്പാണു പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ജയസൂര്യ നായകനായ 'പിഗ്മാന്' എന്ന സിനിമ ചിത്രീകരിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ് നടന്ന ഒരു പന്നിഫാമില്‍ വച്ചാണ് ജയസൂര്യ കടന്നു പിടിച്ചതെന്നാണ് നടി എ.ഐ.ജി ജി. പൂങ്കുഴലിക്ക് മൊഴി നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്.
തൊടുപുഴ സ്റ്റേഷനില്‍ നിന്ന് വനിതാ എസ്.ഐ: എസ്. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള അഞ്ചു പേരാണ് പ്രത്യേക അന്വേഷക സംഘത്തെ സഹായിക്കുന്നത്. സംഭവത്തില്‍ വരും ദിവസങ്ങളില്‍ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടന് ജയസൂര്യയ്ക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറാന് സമ്മര്‍ദമുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു. പക്ഷേ പരാതിയില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്ത്രീകളും ഫോണില്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും. പൈസയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയെ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞുവരെ ആളുകള്‍ വിളിക്കുന്നുണ്ട്.
പോലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞു. അന്നവിടെ ഒരു ചെറിയ ബദാം മരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കും. സിനിമാ മേഖലയില്‍ ഒരുപാട് മോശം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും. മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നടന്റെ പേര് വെളിപ്പെടുത്തിയത്.- പരാതിക്കാരിയായ നടി പറഞ്ഞു.
ലൈംഗികാതിക്രമം നടത്തിയെന്നു പരാതിനല്‍കിയ നടിയെ ഇടയാര്‍ എം.പി.ഐയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ലോക്കല്‍ പോലീസിനെയും മാധ്യമങ്ങളെയും മാറ്റിനിര്‍ത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു നടിയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ കൂത്താട്ടുകുളം പോലീസിനെ ഉള്ളില്‍ പ്രവേശിപ്പിച്ചില്ല. പിറവം, കൂത്താട്ടുകുളം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഗേറ്റിനുള്ളിലേക്കു കടത്തിവിടരുന്നായിരുന്നു സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം. രണ്ടര മണിക്കൂര്‍ തെളിവെടുപ്പു നീണ്ടു.




