
മലപ്പുറം: വിവാഹച്ചെലവുകള്ക്കുള്ള പണം കണ്ടെത്താന്‍ പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്കു പോയ യുവാവ് വിവാഹ ദിനത്തിലും തിരിച്ചെത്തിയില്ല. പള്ളിപ്പുറം കുറുന്തല വീട്ടില്‍ ശശീന്ദ്രന്റെ മകന് വിഷ്ണുജിത്തിനെ(30)യാണു ഈ മാസം നാലു മുതല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. എട്ട് വര്‍ഷമായി പ്രണയിക്കുന്ന യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തുവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് എസ്.പി. പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. കാണാതായ സമയത്ത് വിഷ്ണുജിത്തുവിന്റെ കൈവശം ഒരുലക്ഷം രൂപയുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. നാല് മാസം മുമ്പ് വരെ പാലക്കാട് പുതുശ്ശേരി കഞ്ചിക്കോട്ടെ ഐസ്ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാവിലെ ആറിനാണു വീട്ടില്‍നിന്ന് പാലക്കാട്ടേക്ക് പുറപ്പെട്ടത്.
പണം സംഘടിപ്പിക്കാനാണ് പോയതെന്ന കാര്യം പിന്നീടാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. രാത്രി എട്ടോടെ താന്‍ പാലക്കാട് നിന്ന് പുറപ്പെടുന്നേയുള്ളൂവെന്നും അച്ഛന്റെ സഹോദരന്റെ വീട്ടില്‍ കിടന്ന ശേഷം വീട്ടിലേക്ക് വരാമെന്നും അറിയിച്ചു. രാവിലെയും കാണാതായതോടെ ബന്ധുവീട്ടില്‍ അന്വേഷിച്ചപ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
വിഷ്ണുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെ കുടുംബം പാലക്കാട്ടെ സുഹൃത്തിനെ വിളിച്ചു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും ആ പണവുമായി കഞ്ചിക്കോട് നിന്ന് പാലക്കാട് ടൗണിലേക്ക് പോയതായി സുഹൃത്ത് അറിയിച്ചെന്ന് പിതാവ് ശശീന്ദ്രന് പറഞ്ഞു. വിഷ്ണുവിന്റെ സഹോദരിയും ഭര്‍ത്താവും പോലീസിനൊപ്പം പാലക്കാട്ടെത്തി അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലെത്തിയ വിഷ്ണു പിന്നീട് പുതുശ്ശേരിയിലേക്ക് തന്നെ തിരികെയെത്തിയെന്ന് ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമല്ല. ചില പ്രശ്നങ്ങള്‍ തീര്‍ക്കാനുണ്ടെന്നും താന്‍ ഉടന്‍ തിരിച്ചുവരുമെന്നുമാണ് പാലക്കാട്ടേക്ക് പോയപ്പോള്‍ പ്രതിശുത വധുവിനോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. താന്‍ ഒരാള്‍ക്ക് പൈസ കൊടുക്കാനുണ്ടെന്നും അത് കൊടുത്തില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാവുമെന്ന് നാട്ടിലെ സുഹൃത്തിനോട് ഫോണ്‍ വിളിച്ച് വിഷ്ണുജിത്ത് പറഞ്ഞിരുന്നു.
ആര്‍ക്കാണ് പണം കൊടുക്കാനുള്ളതെന്ന് വ്യക്തമാക്കിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി വിഷ്ണുജിത്ത് വീട്ടുകാരോടോ സുഹൃത്തുക്കളോടോ പറഞ്ഞിട്ടില്ല. വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എസ്.പി: എസ്. ശശിധരന് പറഞ്ഞു.






