
വയനാട് മുണ്ടക്കെ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ വായ്പകള്‍ എഴുതിത്തള്ളും. ബാങ്കിവൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകളാവും എഴുതിത്തള്ളുകയെന്ന് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സികെ ഷാജി മോഹന്‍ വിശദമാക്കി. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വായ്പയെടുത്ത കര്‍ഷകരുടെ പ്രമാണങ്ങളടക്കമുള്ള രേഖകള്‍ തിരികെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കിന്റെ തീരുമാനത്തിന് സര്‍ക്കാരിന്റെ അനുമതി വേണം. നടപടി ക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്ത്തീകരിക്കുമെന്ും അദ്ദേഹം വ്യക്തമാക്കി.
52 കുടുംബങ്ങള്‍ വൈത്തിരിയിലെ ശാഖയില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. 52 പേരുടെ 64 വായ്പകളാണ് ഇതിനോടകം എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവര്‍ തിരിച്ചടയ്ക്കാനുള്ളത്. 42 കാര്‍ഷിക വായ്പകളും ഇരുപത്തിയൊന്ന് റൂറല്‍ ഹൗസിങ് വായ്പകളും ഒരു കാര്‍ഷികേതര വായ്പയും എഴുതിത്തള്ളുന്നവയില്‍ ഉള്‍പ്പെടുന്നു.
വായ്പക്കാരുടെ വിവരം ബാങ്ക് ശേഖരിച്ചിട്ടുണ്ട്, ബാങ്ക് എല്ലാ കാലത്തും ജനങ്ങള്‍ക്കൊപ്പമാണ്, ദുരന്തബാധിതര്‍ക്ക് വേണ്ടി ബാങ്കിന് കഴിയുന്ന ധനസഹായം കൂടി ചെയ്യുമെന്നും ഇതിനോടകം ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നല്കി കഴിഞ്ഞുവെന്നും കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഷാജി മോഹന്‍ വ്യക്തമാക്കി.






