
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
സെപ്റ്റംബർ 18 മുതല്‍ കശ്മീരില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. പിങ്ഗ്നൽ ദുഗഡ്ഡ വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തെരച്ചില്‍. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിൽ നടത്തിയത്.
കഠ്വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും പിടികൂടി. വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍.






