
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള വിദഗ്ധസമിതിയില്‍ രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റംവരുത്താന്‍ കേരളം. വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തിയാല്‍ തമിഴ്നാടും കേന്ദ്ര ജലകമ്മിഷനും (സി.ഡബ്ല്യു.സി.) കേരളത്തിന്റെ പാത പിന്തുടരാനുള്ള സാധ്യത കണക്കിലെടുത്താണു പുനരാലോചന. കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന വിദഗ്ധരുടെ പാനലില്‍നിന്നാണ് അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കുക. രണ്ടുപേര്‍വീതം ഇരുസംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കും.
ഒപ്പം സി.ഡബ്ല്യു.സിയുടെ പ്രതിനിധിയുമുണ്ടാകും. സുപ്രീംകോടതി നിയമിച്ച മേല്‍നോട്ട സമിതിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കേണ്ടത്. കേരളത്തിന്റെ അംഗങ്ങളെ രണ്ടുമാസത്തിനകം തീരുമാനിക്കും. ഇതിനായി ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി പാനല്‍ തയാറാക്കും. യോഗ്യതയും പ്രവൃത്തിപരിചയവും പരിശോധിച്ചു കൂടിക്കാഴ്ച നടത്തിയാകും തെരഞ്ഞെടുപ്പ്. വിദഗ്ധ സമിതിയുടെ പരിഗണനാവിഷയങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ തയാറാക്കും. ദേശീയ, രാജ്യാന്തര തലങ്ങളില്‍ പ്രശസ്തനായ ശാസ്ത്രജ്ഞനോ എന്‍ജിനീയറോ ആയിരിക്കും സമിതി അധ്യക്ഷന്‍. മൂന്നുമാസത്തിനുള്ളില്‍ സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കും.
പതിമൂന്നു വര്‍ഷത്തിനുശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടക്കാന്‍ പോകുന്നത്. 2018-ലെ പ്രളയം അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയെ ബാധിച്ചോ എന്നതിനുപുറമേ ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവയടക്കം സമഗ്രമായി പരിശോധിക്കും. അണക്കെട്ട് അപകടത്തിലായാല്‍ സ്വീകരിക്കേണ്ട അനന്തരനടപടി സംബന്ധിച്ച് അടിയന്തര കര്‍മപദ്ധതി തയാറാക്കാന്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പുതുക്കിയ ഡാം ബ്രേക്ക് അനാലിസിസിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി പദ്ധതി തയാറാക്കാന്‍ തമിഴ്നാടിനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.






