
നടിയെ ആക്രമിച്ച കേസ് വിചാരണ അവസാനത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സിംഗിൽ ബെഞ്ച് നേരത്തെ തന്നെ ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ്സ് ആരാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് മാത്രം 57 ഹർജികളാണ് വിവിധ കോടതികളിലായി നൽകിയത്. വിചാരണ നീണ്ട് പോകുന്നതിൽ സുപ്രീം കോടതി പ്രകടിപ്പിച്ച അനിഷ്ടത്തിന്റെ പ്രധാന കാരണവും ഈ ഹർജികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
2017ജൂൺ 18നാണ് കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. നവംബറിൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ സംസ്ഥാനം ഇത് വരെ കാണാത്ത അസാധാരണമായ സങ്കീർണതകളിലേക്ക് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടു.
മൂന്ന് തവണ കേസിലെ പ്രോസിക്യുട്ടർമാരും മാറി. കുറ്റപത്രം സമർപ്പിച്ചത് മുതൽ പൾസർ സുനിയും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് തുടങ്ങി. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിൽ ഇത് വരെ ഹൈക്കോടതിയിൽ നൽകിയത് പത്ത് ജാമ്യഹർജികളാണ്. സ്വന്തം അഭിഭാഷകൻ വഴിയായിരുന്നു സുനിലിന്റെ നീക്കങ്ങൾ.
പത്താം തവണയും ജാമ്യഹർജി തള്ളിയ ഹൈക്കോടതി തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് 25,000 രൂപ സുനിലിന് പിഴയിട്ടു. കേസിലെ സാഹചര്യം അതേപടി തുടർന്നരുമ്പോഴും ദിവസങ്ങൾക്കുള്ളിൽ പ്രതി ജാമ്യാപേക്ഷ നൽകുന്നതാണ് കോടതി വിമർശിച്ചത്.
കോടതിയിൽ ഹാജരായ പല സാക്ഷികളും കൂറുമാറി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ പല ദിവസങ്ങളിലായി 113 ദിവസമാണ് ദിലീപിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയത്.






