
ഹൈദരാബാദ്: സഹപ്രവര്‍ത്തകയുടെ ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് തെലുങ്കിലെ പ്രശസ്ത കോറിയോഗ്രാഫറായ ജാനി മാസ്റ്റര്‍ അറസ്റ്റിലായി. ബംമ്പര്ഹിറ്റുകളായ 'ബാഹുബലി', 'പുഷ്പ: ദി റൈസ്' തുടങ്ങിയ ചിത്രങ്ങളിലെ നൃത്ത രംഗങ്ങള്‍ ഒരുക്കിയ ജാനി ഒരു 21 കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലായിരിക്കുന്നത്. തന്നെ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് വര്‍ഷങ്ങളോളം ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന ആരോപണം നടത്തിയതിന് പിന്നാലെയാണ് ജാനി അറസ്റ്റിലായിരിക്കുന്നത്.
ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ജാനിയെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും ഒരു തൊഴിലാളി യൂണിയനും സസ്പെന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ജാനിയെ ഹൈദരാബാദിലേക്ക് മാറ്റും. താരത്തിനെതിരേ പോക്സോ കേസ് ചുമത്തുമെന്ന് ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കുന്ന ചേംബര്‍ പാനലിന്റെ ചെയര്‍പേഴ്സണ്‍ ജാന്‍സി വ്യക്തമാക്കി. ബലാത്സംഗം, ക്രിമിനല്‍ ഭീഷണി എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ജാനിക്കെതിരേ പരാതിക്കാരി ഉയര്‍ത്തിയിരിക്കുന്നത്.
2017ല്‍ ഒരു പരിപാടിയില്‍ വെച്ചാണ് താന്‍ മാസ്റ്ററെ ആദ്യമായി കാണുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അയാള്‍ അവള്‍ക്ക് അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ജോലി വാഗ്ദാനം ചെയ്യുകയും അവര്‍ അത് സ്വീകരിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു ഹോട്ടലില്‍ വച്ച് മാസ്റ്ററും മറ്റ് രണ്ട് പുരുഷ നര്‍ത്തകരും മുംബൈയില്‍ ഒരു ഷോയ്ക്കിടെ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമങ്ങള്‍ നടത്തി. പരാതി നല്കിയാല് ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി ഭീഷണിപ്പെടുത്തുകയും ഫോട്ടോഷൂട്ടിനും റിഹേഴ്സലിനും ഇടയില്‍ മാസ്റ്റര്‍ തന്നെ മാനസികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചു. വിവാഹിതനായിട്ടും മതപരിവര്‍ത്തനം ചെയ്യാനും തന്നെ 'വിവാഹം കഴിക്കാനും' മാസ്റ്റര്‍ നിര്‍ബന്ധിച്ചതായും യുവതി പറഞ്ഞു. ഒരു അവസരത്തില്‍, മാസ്റ്ററും ഭാര്യയും മുറിയില്‍ കയറി തന്നെ തല്ലിയതായും യുവതി പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ നടനും രാഷ്ട്രീയ നേതാവുമായ പവന് കല്യാണിന്റെ ജനസേനയിലെ അംഗം കൂടിയാണ് ജാനി മാസ്റ്റര്‍. ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാഷ്ട്രീയ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനസേന മാസ്റ്ററോട് ഉത്തരവിട്ടിട്ടുണ്ട്. പുറത്താക്കിയതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ, ഇത് അങ്ങനെയല്ലെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാസ്റ്റര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.






