
കുമളി: കാലപ്പഴക്കത്താല്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തറക്കല്ലിടലിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് 138 വയസ്. 1887 സെപ്റ്റംബര്‍ 21 നാണ് പെന്നികുക്ക് തറക്കല്ലിടല്‍ കര്‍മം നിര്വഹിച്ചെന്നാണു രേഖകള്‍. 1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ പ്രിന്‍സിപ്പാലിറ്റിയും മദ്രാസ് രാജധാനിയും പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു.
സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലുള്ള സ്ഥലം, വന്യമൃഗങ്ങള്‍ നിറഞ്ഞ വനം, വിഷപ്പാമ്പുകള്‍, തോരാതെ പെയ്യുന്ന മഴ... ഇത്തരം സാഹചര്യത്തിലായിരുന്നു തറക്കല്ലിടല്‍. ഇതിനിടെ പ്രതികൂല കാലാവസ്ഥ മൂലം നിരവധി തടസങ്ങളെ അഭിമുഖികരിക്കേണ്ടി വന്നു. തുടര്‍ന്നായിരുന്നു അണക്കെട്ടിന്റെ പണികള്‍. പിന്നെയും പ്രതിസന്ധികള്‍ തുടര്‍ന്നു. പെരുമഴയില്‍ അടിത്തറ ഇളകി.
പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഇതോടെ നിര്‍മാണവുമായി മുന്നോട്ടു പോകരുതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പെന്നികുക്കിന് ഉത്തരവ് നല്കി. അങ്ങനെ ഇംഗ്ലണ്ടിലേക്കു പോയ പെന്നികുക്ക് തന്റെ സ്ഥലവും വീടും വിറ്റ് പണം സ്വരൂപിച്ച് വീണ്ടും ഇന്ത്യയിലെത്തി. പിന്നെ ഒരു വേനലിന്റെ തുടക്കത്തില്‍ ആത്മവിശ്വാസത്തോടെ ഡാമിന്റെ അടിത്തറപണി തുടര്‍ന്നു. വീണ്ടും പ്രളയമുണ്ടായെങ്കിലും അടിത്തറയെ അതു ബാധിച്ചില്ല. അതിനുശേഷം ഡാം പണിയാന്‍ മദ്രാസ് സര്‍ക്കാര്‍ ജോണ്‍ പെന്നികുക്കിനെ പിന്തുണച്ചു.
ഇന്ത്യന്‍ പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരന് എ.വി. രാമലിംഗ അയ്യരും മറ്റൊരു എന്‍ജിനീയറായ എ.ഡി മക്കെന്‍സിയും പെന്നി കുക്കിനൊപ്പം പ്രവര്‍ത്തിച്ചു. എ.ഡി. മക്കന്‍സി എഴുതിയ ''പെരിയാര്‍ നദി പദ്ധതിയുടെ ചരിത്രം'' എന്ന പുസ്തകത്തില്‍ ഡാം നിര്‍മാണത്തെക്കുറിച്ചും ജോണ്‍ പെന്നിക്കുക്കിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുന്നുണ്ട്:
അതില്‍ ഞങ്ങള്‍ മണലും ചുണ്ണാമ്പും കലര്‍ത്തി സുര്ക്കികളുണ്ടാക്കി. ചെറിയ ചൂളകളില്‍ തീയിട്ടു. മൂന്നുഭാഗം മണല്‍, രണ്ടുഭാഗം കുമ്മായം, ഒരുഭാഗം ചരല് എന്നിവ ചേര്‍ത്ത് നാലിഞ്ച് ചതുരവും ഒരിഞ്ച് കനവുമുള്ള കല്ലുകളുടെ മിശ്രിതം തയ്യാറാക്കി. കരിങ്കല്ല് പൊട്ടിച്ച് ആറിഞ്ച് കനത്തില്‍ മോര്‍ട്ടറും പെസ്റ്റലുംകൊണ്ടു പാളിയിട്ടാണ് അണക്കെട്ട് നിര്‍മ്മിച്ചത്. തുറന്നുകിടക്കുന്ന കരിങ്കല്ലുകള്‍ അടിയില്‍നിന്ന് 120 അടി ഉയരത്തില്‍ വരെ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ഡാം സൈറ്റിലേക്ക് വസ്തുക്കളും ഉപകരണങ്ങളും കൊണ്ടുവരാന്‍ റോഡുകള്‍, ജലപാതകള്‍, റോപ്പ്വേകള്‍, റെയില്‍പാതകള്‍ മുതലായവ അദ്ദേഹം ഉപയോഗിച്ചു.
90 അടി നീളമുള്ള തേക്കുമരങ്ങള്‍ വെട്ടിമാറ്റി ആനകള്‍ കൊണ്ടുപോയി തൂണുകള്‍ സ്ഥാപിച്ച് റോപ്വേ രൂപീകരിച്ചു. കുന്നില്‍നിന്ന് തേക്കടിയിലേക്ക് ഒരു റോപ്പ് വേ നിര്‍മിച്ചു. അതില്‍ ചുണ്ണാമ്പുകല്ല് ബക്കറ്റുകള്‍ കെട്ടി. 90 അടി ഉയരത്തില്‍ റോപ്വേയുടെ തൂണുകള്‍ സ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.''''
അണക്കെട്ട് നിര്‍മിക്കാന്‍ വെള്ളപ്പൊക്കം തടയുന്നത് സാഹസികത നിറഞ്ഞ ജോലിയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. 5000 തൊഴിലാളികള്‍ ഇത്രയും പ്രയാസത്തോടെ ജോലികള്‍ നിര്‍വഹിച്ചു. അങ്ങനെ 1895 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ത്തിയായി. അന്നത്തെ കണക്കുപ്രകാരം ആകെ 81.30 ലക്ഷം രൂപയാണ് പെരിയാര്‍ അണക്കെട്ടിനു ചെലവായത്. 1895 ഒകേ്ടാബര്‍ 10 ന് മദ്രാസ് ഗവര്‍ണറായിരുന്ന വെന്‍ലോക്ക് പ്രഭുവിന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഔദ്യോഗികമായി തുറന്നു. പെരിയാര്‍ അണക്കെട്ടിനെ മനുഷ്യനിര്‍മിത അത്ഭുതമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പെന്നികുക്ക് ഈ അത്ഭുതത്തിനു തറക്കല്ലിട്ട ദിനം ഇന്ന് തമിഴ്നാട് ആചരിക്കുന്നു.






