
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സര്‍ക്കാരിന് കൈമാറും. പൂരം അലങ്കോലപ്പെട്ടത്തില്‍ അട്ടിമറിയോ ബാഹ്യ ശക്തികളോ ഇല്ലെന്ന സൂചനയായതിനാല്‍ ആര്‍ക്കെങ്കിലും എതിരേ പ്രത്യേകിച്ച് നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല.
റിപ്പോര്‍ട്ട് സ്വീകരിക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാരാണ്. ഉദ്യോഗസ്ഥ തല ഗുരുതര വീഴ്ച ഇല്ലാത്തതിനാല്‍ പ്രത്യേക ശുപാര്‍ശയും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, തൃശൂര്‍ മുന്‍ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. ഇരു ദേവസ്വങ്ങള്ക്കെതിരേയും പരാമര്‍ശമുണ്ട്.
സര്‍ക്കാര്‍ അനേ്വഷണത്തിന് ഉത്തരവിട്ട് അഞ്ച് മാസത്തിനുശേഷമാണ് റിപ്പോര്‍ട്ട് എ.ഡി.ജി.പി. ഡി.ജി.പിക്കു കൈമാറിയത്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം 1,600ലധികം പേജുള്ള റിപ്പോര്‍ട്ടാണു തയാറാക്കിയത്. പൂരം നടത്തിപ്പിന്റെ ചുമതലയും എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനായിരുന്നു. പോലീസിനെ ന്യായീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അതേസമയം തൃശൂര്‍പൂരത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന എ.ഡി.ജി.പിയുടെ അനേ്വഷണ റിപ്പോര്‍ട്ട് സി.പി.ഐ. തള്ളിയിട്ടുണ്ട്. അമേരിക്കയില്‍നിന്നു പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം എത്തിയശേഷം കൂടുതല്‍ പ്രതികരണത്തിന് പാര്‍ട്ടി തയാറാകും. അതുവരെ നിശബ്ദത പാലിക്കാനാണു തീരുമാനം.
റിപ്പോര്‍ട്ട് ഒൗദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഒരു കമ്മിഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ ആകില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.






